മട്ടന്നൂർ: നീരൊഴുക്ക് കുറഞ്ഞതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ച് കുടിവെള്ള സംഭരണം തുടങ്ങി. കഴിഞ്ഞ ദിവസം വരെ പദ്ധതി പ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നെങ്കിലും പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് നീരൊഴുക്കിൽ ഉണ്ടാകുന്ന കുറവ് ആശങ്ക ഉണ്ടാക്കിയതിനെ തുടർന്നാണ് മഴ നിൽക്കുന്നതിന് മുൻമ്പ് തന്നെ ഷട്ടർ അടച്ച് കുടിവെള്ളം സംഭരിക്കാൻ തുടങ്ങിയത്.കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയത്തിലും ഉരുൾപൊട്ടലിനും ശേഷം ഭൂമിയുടെ ജലആഗിരണ ശേഷി കുറഞ്ഞു വരുന്നതിന്റെ സൂചനയുണ്ടായിരുന്നു. ഇതിനുള്ള നേർക്കാഴ്ചയാവുകയാണ് പദ്ധതി പ്രദേശത്തെ ഇപ്പോഴത്തെ അവസ്ഥ.
രണ്ട് ദിവസം മഴ പെയ്യാതിരുന്നാൽ ഭൂമി വരണ്ട് നീർച്ചാലുകൾ വറ്റി വരളുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്. കഴിഞ്ഞ ദിവസം വരെ മലയോരത്തെ പലഭാഗങ്ങളിലും ശക്തമായ മഴയുണ്ടായിട്ടും നീരൊഴുക്ക് കുറഞ്ഞിരുന്നു. ഇത് കുടിവെള്ള പമ്പിംഗിനെ ബാധിക്കുമെന്ന ഘട്ടം വരെ എത്തിയിരുന്നു. വെള്ളം സംഭരിക്കണമെന്ന ജല അതോറിറ്റിയുടെ കത്തുകൂടി പരിഗണിച്ചാണ് ഷട്ടർ അടച്ച് വെള്ളം സംഭരിക്കാൻ തീരുമാനിച്ചത്.കുടിവെള്ള പദ്ധതികളിൽ 70 ശതമാനതിനും വെള്ളം നൽകുന്നത് പഴശ്ശി പദ്ധതിയിൽ നിന്നാണ്. മാഹി, കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിലേക്കുള്ള കുടിവെള്ളം പഴശ്ശിയിൽ നിന്നാണ്.
ഷട്ടർ അടയ്ക്കുമ്പോൾ സംഭരണിയിലെവെള്ളം: 12 മീറ്റർ
ഇപ്പോൾ 17 മീറ്റർ
പദ്ധതിയുടെ സംഭരണ ശേഷി: 26 മീറ്റർ