പരിയാരം: സംസ്ഥാനത്തെ ആറ് സർക്കാർ മെഡിക്കൽ കോളേജുകളുടെ സമഗ്ര വികസനത്തിനായി 23 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയപ്പോഴും കണ്ണൂർ മെഡിക്കൽ കോളേജിനെ ആരും തിരിഞ്ഞു നോക്കിയില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡിക്കൽ കോളേജിന് 3.5 കോടി, കോട്ടയം മെഡിക്കൽ കോളേജിന് 5 കോടി, കോഴിക്കോട് മെഡിക്കൽ കോളേജിന് 5.5 കോടി, എറണാകുളം മെഡിക്കൽ കോളേജിന് 50 ലക്ഷം, തൃശൂർ മെഡിക്കൽ കോളേജിന് 3 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്.
മന്ത്രിയുടെ നാട്ടിലെ മെഡിക്കൽ കോളേജ് പണമില്ലാതെ ശ്വാസം മുട്ടുമ്പോൾ ആശ്വാസമായി ഒന്നും അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട് . മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കുറഞ്ഞത് 100 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം അവതാളത്തിലാകുമെന്ന് കാണിച്ച് പ്രിൻസിപ്പൽ എൻ. റോയ് സർക്കാരിന് കത്തയച്ചിരുന്നു. ജീവനക്കാരുടെ ശമ്പളത്തിലും ദൈനംദിന പ്രവർത്തനത്തിനുമായി കോടികളാണ് ചെലവ് വരുന്നത്. സർക്കാർ ഏറ്റെടുത്തതിനു ശേഷമുള്ള മാറ്റവും കണ്ടുതുടങ്ങിയിട്ടില്ല.
പരിയാരത്തിന് വട്ടപ്പൂജ്യം
തിരുവനന്തപുരം മെഡിക്കൽ കോളേജ് 5.5 കോടി
ആലപ്പുഴ മെഡിക്കൽ കോളേജിന് 3.5 കോടി
കോട്ടയം മെഡിക്കൽ കോളേജിന് 5 കോടി
കോഴിക്കോട് മെഡിക്കൽ കോളേജിന് 5.5 കോടി,
എറണാകുളം മെഡിക്കൽ കോളേജിന് 50 ലക്ഷം
, തൃശൂർ മെഡിക്കൽ കോളേജിന് 3 കോടി
മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിലകൂടിയ ഉപകരണങ്ങളുടെ അറ്റകുറ്റപണികൾക്കുമായാണ് തുകയനുവദിച്ചത് - ആരോഗ്യ മന്ത്രി കെ..കെ.. ശൈലജ