കാസർകോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ജില്ലയിലേക്ക് എത്തുന്ന സ്വർണക്കപ്പിന് രാജകീയ സ്വീകരണം നൽകാനുള്ള ഒരുക്കം പൂർത്തിയായി. നവംബർ 25 ന് രാവിലെ 10 ന് കോഴിക്കോട്ടു നിന്ന് ദേശീയപാത വഴി കപ്പ് ജില്ലയിലെത്തും. ജില്ലാ അതിർത്തിയായ കാലിക്കടവിൽ നിന്ന് ജി.എച്ച്.എസ്.എസ് പിലിക്കോടിന്റെ നേതൃത്വത്തിലാണ് ആദ്യ സ്വീകരണം. തുടർന്ന് ചെറുവത്തൂരിൽ ജി.എച്ച്.എസ്.എസ് കുട്ടമത്ത്, കൊവ്വൽ എ.യു.പി സ്കൂൾ, നീലേശ്വരം രാജാസ്, എൻ. കെ. ബി. എം , സി. എച്ച്. എം. കെ. എച്ച്. എസ്. എസ്. കോട്ടപ്പുറം, ജിഎച്ച്എസ്എസ് ഹൊസ്ദുർഗ്, ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ, ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ എന്നിവിടങ്ങളിലും പ്രൗഢോജ്വല സ്വീകരണം നൽകും.

അദ്ധ്യാപകൻ അബ്ദുൽ ഹക്കീം തയാറാക്കിയ 'സ്വർണക്കപ്പിന്റെ നാൾവഴികൾ' എന്ന ഡൊക്യുമെന്ററി പ്രദർശനത്തോടെയായിരിക്കും സ്വർണ്ണക്കപ്പിന് വരവേൽപ്പ് നൽകുക. പിലിക്കോട്, ചെറുവത്തൂർ കൊവ്വൽ, നീലേശ്വരം, ഹൊസ്ദുർഗ് എന്നിവിടങ്ങളിലാണ് ഡൊക്യുമെന്ററി പ്രദർശനം. കേരള സ്‌കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് മേളയുടെ പ്രധാന ആകർഷണമാണ്. ജേതാക്കളാവുന്നവർക്ക് നൂറ്റിയൊന്ന് പവൻ തനിതങ്കത്തിൽ തീർത്ത കിരീടമാണ് കൈമാറുക.


കലോത്സവത്തിന്റെ ക്ഷണക്കത്ത് കൈമാറി
കാഞ്ഞങ്ങാട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ക്ഷണക്കത്ത് കൈമാറി. ഇന്നലെയാണ് സ്വീകരണ കമ്മിറ്റി ചെയർമാൻ മുൻ എം.എൽ.എ എം. നാരായണൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി. വി. രമേശന്റെ വസതിയിലെത്തി കേരള സ്‌കൂൾ കലോത്സവത്തിന്റെ ക്ഷണക്കത്ത് നൽകി ക്ഷണിച്ചത്. ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. വി. പുഷ്പ, എസ്. എസ്. കെ. പ്രോജക്ട് ഓഫിസർ വിജയകുമാർ, കൺവീനർ പി. പത്മനാഭൻ, വൈസ് ചെയർമാൻമാരായ സന്തോഷ് കുശാൽനഗർ, എ ഹമീദ് ഹാജി, സുരേഷ് പുതിയേടത്ത്, ഷംസുദ്ദീൻ മാണിക്കോത്ത്, പി. ടി. നന്ദകുമാർ വെള്ളരിക്കുണ്ട്, ജനാർദ്ദനൻ, വിനോദ് മാസ്റ്റർ, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി , എംഎൽഎ മാരായ എം. രാജഗോപാലൻ, കെ. കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കുന്ന്, എം. സി. ഖമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻന്റുമാർ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് ചീഫ്, സബ്ബ് കളക്ടർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരെയും ക്ഷണിച്ചു.