തൃക്കരിപ്പൂർ: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ പ്രചരണാർത്ഥം പ്രചാരണ കമ്മിറ്റി, കാസർകോട് പെഡലേഴ്സ്, ജില്ലാ പരിസ്ഥിതി യുവ സമിതി എന്നിവ സംയുക്തമായി മെഗാ സൈക്കിൾ റാലി സംഘടിപ്പിച്ചു. കലോത്സവത്തിന് ആശംസ അർപ്പിക്കുന്നതിനൊപ്പം, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഗതാഗത മാർഗം, കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും കുറയ്ക്കാനും ഊർജ്ജ പ്രതിസന്ധി മറികടക്കാനും സുസ്ഥിരമായ ആരോഗ്യസ്ഥിതി നിലനിർത്താനുള്ള യാത്രാമാർഗം എന്ന നിലയിലും സൈക്കിളിംഗിനുള്ള പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതിനായാണ് സൈക്കിൾറാലി നടത്തിയത്.
എം. രാജഗോപാലൻ എം.എൽ.എ റാലി ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജിജി തോമസ് അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. രവി, ഡയറ്റ് ലക്ച്ചറർ വേണുഗോപാലൻ, രതീഷ് അമ്പലത്തറ, പി. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. വൈകുന്നേരം കാഞ്ഞങ്ങാട് ടൗണിൽ നടന്ന റാലിയുടെ സമാപനത്തിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.പി. സുധാകരൻ എന്നിവർ മുഖ്യതിഥികളായി.