കണ്ണൂർ: വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകൻ പള്ളിപ്രത്തെ മുഹമ്മദ് ഫസീമി (24) നെ റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതോടെ കക്കാട് വച്ചാണ് ആയുധങ്ങളുമായി ഇയാൾ പിടിയിലായത്. കൂടെയുണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടു. ഇവർ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ടൗൺ എസ് .ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫസീമിനെ അറസ്റ്റു ചെയ്തത്.

കക്കാട് വാഹന പരിശോധനയ്ക്കിടെ രണ്ട് സ്‌കൂട്ടറുകളിലായി അഞ്ചു പേർ വരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. വാഹനം നിറുത്തിയ ഉടൻ മുഹമ്മദ് ഫസിം ഒഴികെയുള്ളവർ ഓടി രക്ഷപ്പെട്ടു.തുടർന്ന് സ്‌കൂട്ടർ പരിശോധിച്ചപ്പോഴാണ് മാരകായുധങ്ങൾ കണ്ടെടുത്തത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിലെടുത്തു. അറസ്റ്റിലായ ഫസിം വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.