കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പി മന്ത്രിയുടെ മുന്നിൽ പൊട്ടിത്തെറിച്ചപ്പോൾ മന്ത്രി ജി. സുധാകരൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറെ വിളിച്ചു ക്ഷുഭിതനായി. ഒടുവിൽ ഇന്നു രാവിലെ പണി തുടങ്ങുമെന്ന ഉറപ്പും.
തകർന്നുതരിപ്പണമായി കിടക്കുന്ന തലപ്പാടി - കാസർകോട് ദേശീയ പാതയ്ക്കാണ് ഒടുവിൽ ശാപമോക്ഷമാകുന്നത്. പയ്യന്നൂരിൽ പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിക്കുന്ന പുതിയ റെസ്റ്റ് ഹൗസിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനെത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോട് തലപ്പാടി -കാസർകോട് ദേശീയപാതയുടെ ശോചനീയാവസ്ഥയും എം.പിയുടെ നിരാഹാരത്തെ തുടർന്ന് പണം കേന്ദ്രം അനുവദിച്ചിട്ടും പണി ആരംഭിക്കാത്ത ഉദ്യോഗസ്ഥരുടെ അലംഭാവവും പ്രസംഗമധ്യേ എം.പി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതേത്തുടർന്ന് മന്ത്രി സ്റ്റേജിൽ തന്നെയിരുന്ന് എൻ.എച്ച് ചീഫ് എഞ്ചിനിയറെ നേരിട്ടുവിളിച്ച് കാര്യങ്ങൾ തിരക്കി. പണം വകയിരുത്തിയിട്ടും എന്താണ് കാലതാമസമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇന്നു തന്നെ കാസർകോട് - തലപ്പാടി റോഡിൽ പണി ആരംഭിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ മന്ത്രിക്കും എം.പിക്കും ഉറപ്പുനൽകി. പണി ആരംഭിച്ചില്ലെങ്കിൽ പ്രശ്നം വഷളാകുമെന്നും മന്ത്രി താക്കീത് നൽകി.
നിരവധി അപകടം, രണ്ടു മരണം
ഇപ്പോൾ തന്നെ രണ്ടുപേർ മരണപ്പെട്ടു. നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ജനങ്ങളെ ജനിയും ദുരിതക്കയത്തിൽ തുടരാൻ അനുവദിക്കാൻ കഴിയില്ല. ഇനിയും ഒരു മരണം ഈ റോഡിൽ ഉണ്ടായാൽ താങ്ങാൻ കഴിയില്ല. ഈ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാൽ മന്ത്രിക്ക് മനസ്സിലാകും. ജനങ്ങളുടെ ദുരിതം ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചപ്പോഴാണ് താൻ 24 മണിക്കൂർ നിരാഹാരം കിടന്നത്. അതേ തുടർന്ന് കേന്ദ്രം ഫണ്ടനുവദിച്ചപ്പോൾ മുടന്തൻ ന്യായം പറഞ്ഞ് ഉദ്യോഗസ്ഥർ റോഡ് നവീകരണം വൈകിപ്പിക്കുകയാണ്. ഇനിയും ക്ഷമിക്കാൻ കഴിയില്ല, അതിനാലാണ് മന്ത്രി സമക്ഷം പറയുന്നത്. വികാരാധീനനായി എം.പി പ്രസംഗിച്ചു.
വൈറലായി പോസ്റ്റ്
എം.പിക്കൊപ്പമിരുന്ന് മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ച് നിർദ്ദേശം നൽകുന്ന വീഡിയോ എം.പി നവ മാധ്യമങ്ങളിൽ പോസ്റ്റിയതോടെ സോഷ്യൽ മീഡിയ എം.പിയെയും മന്ത്രിയെയും അവരുടെ ഇടപെടലിനെയും അഭിനന്ദിക്കുകയാണ്. ഇതിനോടകം എം.പി യുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു.