കൂത്തുപറമ്പ്: കേരളത്തിലെ സമര ചരിത്രത്തിൽ ഇതിഹാസമായി മാറിയ കൂത്തുപറമ്പ് വെടിവയ്പ് നടന്നിട്ട് ഇന്ന് കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നു. 1994 നവംബർ 25 ന് നടന്ന പൊലീസ് വെടിവയ്പിൽ അഞ്ച് യുവാക്കളാണ് കൂത്തുപറമ്പിന്റെ തെരുവിൽ പിടഞ്ഞുവീണ് മരിച്ചത്.
സമാനതകളില്ലാത്ത സംഭവങ്ങൾക്കായിരുന്നു 25 വർഷം മുമ്പുള്ള നവംബർ 25ന് കൂത്തുപറമ്പ് ടൗൺ സാക്ഷ്യം വഹിച്ചത്. അഞ്ചു യുവാക്കൾ മരിച്ചതിനു പുറമേ പൊലീസിന്റെ ലാത്തിച്ചാർജിലും വെടിവയ്പിലും നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവയ്പിൽ നട്ടെല്ല് തകർന്ന ചൊക്ലിയിലെ പുഷ്പനെ പോലുള്ളവർ ഇപ്പോഴും നരകയാതന അനുഭവിക്കുകയാണ്.
നവ ഉദാരവത്കരണ നയങ്ങൾക്കും അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കും എതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സമരത്തിന് നേതൃത്വം നൽകിയിരുന്ന കെ. ധനഞ്ജയൻ പറഞ്ഞു. കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിച്ചവർക്ക് നേരെയായിരുന്നു പൊലീസ് വെടിവയ്പ്.
കൂത്തുപറമ്പ് ടൗൺ ഹാളിൽ നടക്കുന്ന പരിപാടിക്ക് എം.വി. രാഘവൻ എത്തിയപ്പോഴായിരുന്നു യുവാക്കളുടെ പ്രതിഷേധം. മന്ത്രി എം.വി. രാഘവന്റെ ധാർഷ്ട്യമായിരുന്നു അഞ്ചുപേരുടെ ജീവൻ നഷ്ടപ്പെടാനിടയായ വെടിവയ്പിന് കാരണമായതെന്നും സി.പി.എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായ കെ. ധനഞ്ജയൻ പറഞ്ഞു.
കാൽ നൂറ്റാണ്ട് മുമ്പ് നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മ പുതുക്കുന്ന ആവേശത്തിലാണിപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ഇന്നു വൈകിട്ട് നടക്കുന്ന അനുസ്മരണ പരിപാടി അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. വൈകിട്ട് അഞ്ചിന് രക്തസാക്ഷി കുടീരങ്ങളിൽ നിന്നുള്ള ദീപശിഖകൾ സ്തൂപത്തിലെത്തിച്ചേരും. തുടർന്ന് നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.