health

വേനലെത്തുന്നതോടെ വഴിയരികിലും പാർക്കുകളിലുമൊക്കെ പഴങ്ങളും പാനീയങ്ങളുടെയും വില്പന പൊടിപൊടിക്കും. എന്നാൽ, ഒന്നോർക്കുക, വൃത്തിഹീനമായ തുറന്ന സ്ഥലങ്ങളിൽ വില്പന നടത്തുന്ന പഴങ്ങളും പാനീയങ്ങളും വാങ്ങിക്കഴിക്കുന്നവരിൽ വിരബാധയേൽക്കാൻ സാദ്ധ്യത കൂടുതലാണ്. ഏതുപ്രായത്തിലും വിരബാധ ഉണ്ടാകാമെങ്കിലും കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തുറന്ന സ്ഥലത്തെ മലവിസർജ്ജനം, മലിനമായ ഭക്ഷണം, വിസർജ്യം വളമായി ഉപയോഗിക്കുന്ന കൃഷിരീതി തുടങ്ങിയവയൊക്കെ വിരബാധയ്ക്ക് കാരണമാകാം.

ഉരുളൻ വിരബാധയേറ്റ കുട്ടികളിൽ വയറുവേദന, വിശപ്പില്ലായ്മ, ഗ്രഹണി, വയറിലുള്ള അസ്വസ്ഥതകൾ, ദഹനക്കേട്, ഉറക്കമില്ലായ്മ എന്നിവയെല്ലാം പ്രകടമാകും. ഉറക്കത്തിനിടയിൽ അന്നനാളം വഴി വായിലോ മൂക്കിലോ എത്തി വിരകൾ പുറത്തുവരുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. വിരകളുടെ എണ്ണം കൂടിയാൽ ഇവ കെട്ടുപിണഞ്ഞ് അപ്പൻഡിക്‌സിനടുത്തോ കുടലിൽ മറ്റുഭാഗങ്ങളിലോ തടസം ഉണ്ടാക്കാം.

വിറ്റാമിൻ എയുടെ കുറവ്, പോഷകാഹാരക്കുറവ്, വളർച്ചാ കുറവ്, രക്തസ്രാവം, ആഗ്‌നേയ ഗ്രന്ഥിവീക്കം ഇവ വിരബാധയുടെ അത്യന്തം ഗുരുതരമായ അവസ്ഥയെ കാണിക്കുന്നു. ക്ഷീണം, ഒന്നിലും താല്പര്യമില്ലായ്മ, ഉന്മേഷക്കുറവ്, ഇടവിട്ടുണ്ടാകുന്ന പനി, ഉറക്കക്കുറവ് ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ചെറുകുടലിന്റെ ശ്‌ളേഷ്മ പാളിയിൽ കൊളുത്തുകൾ ഉപയോഗിച്ചാണ് കൊക്കപ്പുഴു പറ്റിപ്പിടിക്കുന്നത്. ഇവ രക്തംകുടിക്കുന്നതിനാൽ വിളർച്ച ബാധിക്കും. വൃത്തിഹീനമായ കൃഷിസ്ഥലങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ പുറംതൊലിയിൽ ലാർവകൾ പറ്റിപ്പിടിക്കുന്നു. ഇവ നന്നായി കഴുകാതെ ഭക്ഷിക്കുന്നതിലൂടെ കൊക്കപ്പുഴുക്കൾ ശരീരത്തിലെത്താം. കൃമികൾ, നാട വിര തുടങ്ങിയവയും പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇസ്‌നോഫീലിയയുടെ ഒരു കാരണം വിരബാധയാണ്. ഭക്ഷണം പരമാവധി വേവിച്ച് ശുചിയോടെ കഴിക്കാൻ ശ്രദ്ധിക്കുക.

വിരശല്യത്തിന് ഫലപ്രദമായ ഔഷധങ്ങൾ ഹോമിയോപ്പതിയിൽ ലഭ്യമാണ്. രോഗാവസ്ഥ, പ്രായം, ശീലം, ലിംഗഭേദം, രോഗത്തിന്റെ കാഠിന്യം, ഇതര ലക്ഷണങ്ങൾ എന്നിവയെ ആധാരമാക്കിയാണ് ഹോമിയോപ്പതിയിൽ ഔഷധം നിശ്ചയിക്കുന്നത്.

ഡോ. പി.കെ ഉപേഷ് ബാബു​

ശ്രീ സത്യസായി ഹോമിയോപതിക് ക്ളിനിക്,​

മാർ‌ക്കറ്റ് റോഡ്, പെരുമ്പ,​

പയ്യന്നൂർ.

ഫോൺ: 9447687432.