കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 28ന് ഐങ്ങോത്ത് മഹാകവി പി. സ്മാരക വേദിയിൽ പതാക ഉയരും. നാലു ദിവസം നീളുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി ഇ. ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭക്ഷണപ്പുരയും വേദികളും ഇന്ന് സംഘാടക സമിതിക്ക് കൈമാറും. നാളെയാണ് അടുക്കളയിൽ പാലുകാച്ചൽ. കലോത്സവം 28ന് രാവിലെ ഒമ്പതിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് ഭരണാധികാരികൾ എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കലോത്സവ അവലോകനവും ജേതാക്കളെ പ്രഖ്യാപിക്കലും എ.ഡി.പി.ഐ സി.എ സന്തോഷ് നിർവഹിക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കലോത്സവ രേഖ പ്രകാശനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ എം.എൽ.എമാരായ എം. രാജഗോപാലൻ, കെ. കുഞ്ഞിരാമൻ, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഡി.ഡി.ഇ കെ. വി. പുഷ്പ, നഗരസഭ ചെയർമാൻമാരായ വി.വി. രമേശൻ, പ്രൊഫ. കെ.പി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.