കാഞ്ഞങ്ങാട്: കർഷകരുടെ ക്ഷേമത്തിന് ഊന്നൽ നല്കിയുള്ള കർഷക ക്ഷേമ ബോർഡ് നിലവിൽ വരുന്ന ആദ്യ സംസ്ഥാനമായി കേരളം ഉടൻ മാറുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. വ്യാപാരഭവനിൽ മിൽമയുടെ മുപ്പതാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീര കർഷകരെ ഉൾപ്പെടുത്താൻ നടപടിയെടുക്കും. അതിവർഷമുണ്ടായാലും കഠിനമായ വേനൽകാലമായാലും അതു ബാധിക്കുന്നത് സാധാരണക്കാരായ കർഷകരെയാണെന്ന് മന്ത്രി പറഞ്ഞു.

കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പർ കെ.എസ് മണി ആമുഖ ഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഓഹരി സർട്ടിഫിക്കറ്റും ഡിവിഡന്റും വിതരണം ചെയ്തു. ക്ഷീര സമാശ്വാസ വിതരണം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരനും ക്ഷീര സംഘങ്ങൾക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് വിതരണം ഡെപ്യൂട്ടി ഡയറക്ടർ ഷാന്റി എബ്രഹാമും നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. ഓമന, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗംഗാരാധാകൃഷ്ണൻ, പി. പത്മനാഭൻ, കെ. രാജ്‌മോഹനൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ. കെ. ശ്രീകാന്ത്, എ.വി രാമകൃഷ്ണൻ, ജെറ്റോ ജോസഫ്, ഐ.എസ് അനിൽകുമാർ, ഡോ. വി.പി.പി മുസ്തഫ, പി.ജി ദേവ്, മാമുനി വിജയൻ, സി.എസ് പ്രദീപ് കുമാർ, ജെസ്സി ടോം എന്നിവർ സംബന്ധിച്ചു. യൂസഫ് കോറോത്ത് സ്വാഗതവും കെ.എം വിജയകുമാരൻ നന്ദിയും പറഞ്ഞു.

പാലുത്പാദനത്തിൽ സ്വയം പര്യാപ്തത

കേരളം പാലുത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ പോകുകയാണെന്നും നിലവിൽ കേരളത്തിന് ആവശ്യമായ പാലിന്റെ 90 ശതമാനം സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിക്കാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ ആകെ ക്ഷീരസംഘങ്ങൾ 141

പ്രതിദിന ഉത്പാദനം (ലിറ്ററിൽ) 70,000