നീലേശ്വരം:കിനാനൂർ ചെറുവയലടുക്കം ചാമുണ്ഡേശ്വരികാവിൽ പതിനഞ്ചാണ്ടുകൾക്ക് ശേഷം നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന് മുന്നോടിയായി നടന്ന കാരണവക്കൂട്ടം പ്രാദേശികചരിത്രത്തിന്റെ വീണ്ടെടുപ്പ് വേദിയായി. തങ്ങളുടെ മുതിർന്ന തലമുറയിൽ നിന്ന് കേട്ടറിഞ്ഞതും നേരിട്ടുകണ്ടതുമായ അനുഭവങ്ങൾ നാട്ടിലെ കാരണവന്മാർ ഓർമ്മിച്ച് വിവരിച്ചപ്പോൾ കിനാനൂർ കരിന്തളം പഞ്ചായത്തിലെ രണ്ടുമുതൽ അഞ്ചുവരെയുള്ള വാർഡുകളുടെ ചരിത്രത്തിലേക്കുള്ള വഴിതുറക്കലായി.
നാട്ടിൽ ആദ്യമായി വാഹനമെത്തിയതും ആദ്യമായി ഓട് മേഞ്ഞ വീടും നാട്ടുവഴികൾ റോഡായി മാറിയതും പഴയകാല ആചാരനുഷ്ഠാനങ്ങളും നാട്ടറിവുകളുമെല്ലാം മുതിർന്ന തലമുറ ഓർമ്മിച്ചെടുത്തു. നാടിന്റെ കാർഷികചരിത്രവും കാർഷികവിഭവങ്ങളുടെ വിപണനവും ക്രയവിക്രയങ്ങളും കലാപാരമ്പര്യവുമെല്ലാം നാട്ടുപയമയിലൂടെ പുനവതരിപ്പിക്കപ്പെട്ടു.
പ്രശസ്ത നാടക-സീരിയൽ പ്രവർത്തകൻ ഗംഗൻ ആയിറ്റിയായിരുന്നു പരിപാടി നിയന്ത്രിച്ചത്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല ഉദ്ഘാടനം ചെയ്തു. ശ്രീധരൻ പുതുക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ വി.സുധാകരൻ, കൺവീനർ ടി.രാജൻ, ടി.കെ.രവി തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചു. കെ.ഷിജു, ജയപ്രകാശ് ബാലൻ, ശ്രവ്യ തമ്പാൻ, പി.സുവർണ എന്നിവർ പരിപാടി വിവരശേഖരണം നടത്തി.വിനോദ് നെല്ലിയടുക്കം സ്വാഗതവും രാജേഷ് പുതുക്കുന്ന് നന്ദിയും പറഞ്ഞു.