കാഞ്ഞങ്ങാട്: ഒരു സംഘം കലാകാരന്മാരുടെ കൂട്ടായ്മ സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിലെ പ്രധാന വേദിക്ക് മുമ്പിൽ സ്ഥാപിച്ചത് ബേക്കൽ കോട്ടയുടെ കൊത്തളത്തിന്റെ മാതൃകയുടെ മുകളിൽ ഘടിപ്പിച്ച പെൻസിൽ കൊടിമരം. വാഴുന്നോറടി സ്വരലയ സാംസ്ക്കാരിക വേദി സ്ഥാപിച്ച പെൻസിൽ കൊടിമരം കലോത്സവ നഗരിയിൽ എത്തുന്ന ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുകയാണ്. സാധാരണ ക്ഷേത്ര മുറ്റങ്ങളിൽ കാണുന്ന മാതൃകയിലുള്ള കൊടിമരമാണ് സാംസ്ക്കാരിക വേദി പ്രവർത്തകർ ആദ്യം നിർമ്മിച്ചത്. നാല് ദിവസം അതിന്റെ നിർമ്മാണ ജോലി ചെയ്തു. എന്നാൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ അംഗീകരിച്ചില്ല. വേദിയിലെ കലാകാര സംഘം ഉടൻ ഈ മാതൃക രൂപകൽപ്പന ചെയ്ത് ഡി.പി.ഐക്ക് അയച്ച് കൊടുക്കുകയും അദ്ദേഹം അംഗീകാരം നൽകുകയും ചെയ്തു. പ്ലൈവുഡ് , കവുങ്ങ് എന്നിവ ഉപയോഗിച്ച് പുട്ടിയിട്ട് വെടിപ്പാക്കി എട്ട് മീറ്റർ ഉയരത്തിലൂള്ള കൂറ്റൻ പെൻസിൽ കൊടിമരം തീർത്തത്.അടിഭാഗത്തുള്ള ബേക്കൽ കോട്ടയുടെ മാതൃക രണ്ടര മീറ്റർ ഉയരത്തിലുള്ളതാണ്. ചിത്രരചന , സംഗീതം, നാടകം തുടങ്ങി നിരവധി തലങ്ങളിൽ പ്രശസ്തരായ പ്രവർത്തകരാണ് വേദിയിലെ കൂട്ടായ്മ. പ്രസിഡന്റ് മനു മേനിക്കോട്ട്, സെക്രട്ടറി കെ.വിജയപ്രസാദ്, കെ.വി നളിനാക്ഷൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം സ്ഥാപിച്ചത്. ആയിരങ്ങൾ വാഴുന്നോറടിയിൽ നിന്ന് ഘോഷയാത്രയായാണ് കൊടിമരം നഗരിയിൽ എത്തിച്ച് ഉയർത്തിയത്.
പടം.. പെൻസിൽ കൊടിമരം..