നീലേശ്വരം: യുവതലമുറയെ മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് അകറ്റി നിർത്തണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാർഷികം പ്രമാണിച്ച് വിമുക്തി 90 ദിന തീവ്രയത്‌ന ബോധവൽക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ ലഹരി വിമുക്ത ചികിത്സയിലൂടെ രക്ഷപ്പെടുത്തുക എന്നതാണ് വിമുക്തി പദ്ധതിയുടെ ലക്ഷ്യം. എങ്കിലും യുവതലമുറയെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും എത്തിപ്പെടാതെ സംരക്ഷിച്ച് നിർത്തുകയും ചെയ്യണം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനവിഭാഗങ്ങളുടെ സഹകരണമുണ്ടായാൽ മാത്രമെ വിമുക്തി പരിപാടി വിജയത്തിലേക്ക് എത്തുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, സബ് കളക്ടർ അരുൺ കെ. ജയൻ, അഡീഷണൽ എസ്.പി. പ്രശോഭ്, കൗൺസിലർമാരായ പി.കെ. രതീഷ്, സി. മാധവി, പി. രാധ, ഡോ. ജമാൽ അഹമ്മദ്, എം. പത്മേക്ഷൻ, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ മാത്യു കുര്യൻ, അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. അഷറഫ്, വിനോദ് ബി. നായർ എന്നിവർ സംസാരിച്ചു.