കണ്ണൂർ: ആറളം ഫാം ഹയർസെക്കൻഡറി സ്‌കൂൾ ഭൂപ്രശനത്തിന് പരിഹാരമായി. വർഷങ്ങളായി നിലനിന്നിരുന്ന പ്രശ്‌നത്തിന് ഇന്നലെ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. കെ കെ. രാഗേഷ് എം. പിയുടെ നേതൃത്വത്തിൽ മുണ്ടേരി സ്‌കൂൾ വികസന മാതൃകയിൽ ആറളം ഫാം ഹയർസെക്കൻഡറി സ്‌കൂളിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള പദ്ധതികൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ഭൂമി സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചത്.

സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം വേഗത്തിൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറാൻ യോഗത്തിൽ ധാരണയായി. രണ്ട് ഘട്ടങ്ങളിലായി 40 കോടിയുടെ പദ്ധതികളാണ് സ്‌കൂളിനായി നടപ്പാക്കുന്നത്. ഏഴ് ഏക്കറിലായി ആദ്യഘട്ടത്തിൽ നിലവിലെ കെട്ടിടത്തിലും സ്ഥലങ്ങളിലും വികസന പ്രവർത്തനങ്ങൾ നടക്കും. രണ്ടാംഘട്ടത്തിൽ പതിനഞ്ച് ഏക്കറിൽ ബാക്കി വികസനപദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം.കായിക താരങ്ങൾ ഏറെയുള്ള പ്രദേശമായതിനാൽ അതിനനുയോജ്യമായ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാവും നടപ്പാക്കുക, വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർമ്മിതിക്കും യോഗത്തിൽ നിർദ്ദേശം നൽകി.
യോഗത്തിൽ ജില്ലാ കളക്ടർ ടി വി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി.ജയബാലൻ , ഐ. ടി. ഡി. പി ജില്ലാ പ്രോഗ്രാം ഓഫീസർ ജാക്ലിൻ ഫെർണാണ്ടസ്, നിർമ്മിതി പ്രോജക്ട് എൻജിനീയർ സജിത്ത് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കെ. കെ. രാഗേഷ് എം. പിയുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

40 കോടിയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായി

7ഏക്കറിൽ ആദ്യഘട്ടം

15 ഏക്കറിൽ രണ്ടാംഘട്ടം

95 ശതമാനം പട്ടികവർഗവിദ്യാർത്ഥികൾ


അന്തർദേശീയനിലവാരം ലക്ഷ്യം
ആദിവാസി ഗോത്രമേഖലയിലെ കുട്ടികളെ അന്തർദേശീയ നിലവാരത്തിൽ ഉയർത്തുവാനാണ് ലക്ഷ്യമിടുന്നത്. പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ കണ്ണൂർ നിർമിതി കേന്ദ്രക്കാണ് ചുമതല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ് ഫണ്ട് എന്നിവ ലഭ്യമാക്കി ജില്ല അതിർത്തിയിലെ വനമേഖലാ പരിസരത്തെ ആറളം ഫാം ജി.എച്ച്.എസ്.എസ് വികസിപ്പിക്കും. മികച്ച കെട്ടിടങ്ങൾ, കളിസ്ഥലം, ലബോറട്ടറികൾ, ശുചിമുറി ബ്ലോക്കുകൾ, അടുക്കള, കലാകായിക, ഗോത്രകലാ വികസന പദ്ധതികൾ, കലാശേഷി വർധിപ്പിക്കൽ, കായിക മേളകൾ ഉൾപ്പെടെയുള്ള പാഠ്യേതര വിഭാഗങ്ങളിൽ വിദ്യാർഥികളുടെ നൈപ്യുണ്യ വികസനം, കരിയർ രംഗം, കുട്ടികളുടെയും അധ്യാപകരുടെയും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങി ഫാം സ്‌കൂളിന്റെ നാനാമേഖലയുടെയും കുതിപ്പുറപ്പാക്കുന്ന ആക്ഷൻ പ്ലാൻ തയ്യാറാക്കിയാവും പദ്ധതി നടപ്പാക്കുന്നത്.