kadakampally-surendran

കണ്ണൂർ: ശബരിമല സന്ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമാധാനപരമായ തീർത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ ശബരിമല സന്ദർശനത്തിന് വന്നവരെ തിരിച്ചയയ്ക്കുമോ എന്ന ചോദ്യത്തിനും തുടർ നടപടി എന്താകുമെന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകിയില്ല.

'ബി.ജെ.പി സ്വാധീനമുള്ള മഹാരാഷ്ട്രയിൽ നിന്ന് ഒരു സംഘം സ്ത്രീകൾ ശബരിമലയിലേക്ക് പോവുക,

പുലർച്ചെ നെടുമ്പാശേരിയിൽ എത്തുക, ഒരു മാദ്ധ്യമം മാത്രം അത് അറിയുക, അതു കഴിഞ്ഞ് കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നുവെന്ന് പറയുക, പിന്നീട് അവരെ കാണുന്നത് കമ്മിഷണർ ഓഫീസിൽ. അത് മുൻകൂട്ടി അറിഞ്ഞതു പോലെ ഒരു സംഘം പ്രതിഷേധക്കാർ അവിടെ കാത്തു നിൽക്കുക. സ്ത്രീകളെ ആക്രമിക്കുക. ഇതിന്റെ പിന്നിൽ കൃത്യമായ തിരക്കഥയും അജൻഡയുമുണ്ടെന്ന് കരുതുന്നതിൽ തെറ്റില്ലെന്നും താനങ്ങനെ കരുതുന്നെന്നും മന്ത്രി പറഞ്ഞു.