കാസർകോട്: കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് മെഡിക്കൽ പ്രവേശനത്തിനുളള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് എക്‌സാമിന് വേണ്ടി തയ്യാറാകുന്ന നിർധനരായ വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ കോച്ചിംഗ് ആരംഭിച്ചതായി മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രി രമേശ് പോക്രിയാൽ നിഷാങ്ക് ലോക്‌സഭയിൽ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ചോദ്യത്തിന് മറുപടി ആയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സ്റ്റഡി വെബ്സ് ഓഫ് ആക്റ്റീവ് ലേർണിംഗ് ഫോർ യംഗ് അസ്പയറിംഗ് മൈൻഡ്‌സ് (സ്വയം) എന്നു പേരിട്ടിരിക്കുന്ന ഈ ഓൺലൈൻ കോച്ചിംഗ് സംവിധാനം വഴി വീഡിയോ ലക്ചർ, വായനാ സാമഗ്രികൾ, സ്വയം മൂല്യ നിർണയ സംവിധാനങ്ങൾ എന്നിവയിലൂടെ ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം തല വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനം നടത്തുവാനുള്ള സംവിധാനം ഒരുക്കും. ഇന്ററാക്ടീവ് രീതിയിലുള്ളതാണ് ഈ ഓൺലൈൻ സംവിധാനം. ഏതു സമയത്തും ആർക്കും യാതൊരു ഫീസും നൽകാതെ ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് മന്ത്രി പ്രസ്താവിച്ചു.

ഐ.ഐ.ടി - പ്രൊഫസ്സർ അസിസ്റ്റന്റ് ലേർണിംഗ് (ഐഐടി - പാൽ) എന്നൊരു മറ്റൊരു ഓൺലൈൻ കോച്ചിംഗ് സംവിധാനവും ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ബയോളജി, കെമിസ്ട്രി, മാത്ത്മാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഐ. ഐ.ടി പ്രൊഫസർമാരും കേന്ദ്രീയ വിദ്യാലയ അധ്യാപകരും പ്ലസ് വൺ, പ്ലസ്‌ടു വിദ്യാർത്ഥികൾക്കു വേണ്ടി തയാറാക്കിയ വീഡിയോകളാണ് ഐ.ഐ-പാൽ വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാകുക. ഇവ സൗജന്യമായി സ്വയം പ്രഭ ടിവി ചാനലുകളിൽ ലഭ്യമാണ്.