നീലേശ്വരം: സംസ്ഥാന സ്‌കൂൾ കലോത്സവം അടുത്ത സാഹചര്യത്തിൽ നഗരസഭ ആരോഗ്യ വിഭാഗം കർശന പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾബാർ, ജൂസ് ഐറ്റം സ്റ്റാൾ, തട്ടുകട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷണം പാകം ചെയ്യുകയും വില്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി.

രാജാറോഡിന്റെ താഴെയുള്ള കടകളിൽ പരിശോധന നടത്തുകയും വ്യക്തമായ ശുചിത്വ ബോധവൽക്കരണം നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിയന്ത്രണത്തിനും കുടിവെള്ളത്തിന് ഉപയോഗിക്കുന്ന വെള്ളം, ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിർദ്ദേശം നൽകി.
പൊതുറോഡിലേക്കും ഫുട്പാത്തിലേക്കും തള്ളി വെച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ സാധനങ്ങളും മേശകളും നീക്കം ചെയ്യുന്നതിനു സ്‌ക്വാഡ് നിർദ്ദേശം നൽകി. കലോത്സവ നഗരിയിലെത്തുന്ന കാണികൾക്കും പ്രതിഭകൾക്കും പ്രതിഭകൾക്കൊപ്പമുള്ളവർക്കും വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി. റെയിൽവെ സ്റ്റേഷൻ പരിസരം, പാലസ് ഗ്രൗണ്ട്, എഫ്.സി.ഐക്ക് സമീപം, റോട്ടറി ക്ലബ്ബ് പരിസരം എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്.