കാസർകോട്: വൻ കാർമോഷണ സംഘം ജില്ലയിൽ അറസ്റ്റിലായി. റെയിൽവേ സ്റ്റേഷനിൽ പാർക്കുചെയ്ത കാർ കവർന്ന കേസിലെ അന്വേഷണത്തിനിടയിലാണ് സംഘം അറസ്റ്റലായത്. തളങ്കര ബാങ്കോട്ടെ ഷംസു എന്ന സച്ചു (42), അണങ്കൂരിലെ സലീം (52) എന്നിവരെയാണ് കാസർകോട് ടൗൺ എസ്.ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

കർണാടക പുത്തൂർ സ്വദേശി മുഹമ്മദ് അമീഷിന്റെ കെ.എ 05 എം.ബി 4224 നമ്പർ ആൾട്ടോ കാറാണ് സംഘം മോഷ്ടിച്ചത്. ഇക്കഴിഞ്ഞ 20ന് രാവിലെ പണമടച്ച് പാർക്കിംഗ് സ്ഥലത്ത് കാർ പാർക്ക് ചെയ്ത് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോൾ കാർ കാണാനില്ലായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സി. സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

കാർ കണ്ടെത്തുന്നതിനായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഘം കാഞ്ഞങ്ങാട്ടു നിന്നും കവർച്ച ചെയ്ത ബൊലേറോ കാർ മംഗളൂരുവിൽ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കൂടുതൽ കവർച്ചയുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയമുള്ളതിനാൽ ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.