തൃക്കരിപ്പൂർ: മതപഠനത്തിനെന്ന പേരിൽ രാജ്യം വിട്ട് ഐസിസിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലെത്തിയ മലയാളി സ്ത്രീകളടക്കുള്ള ഇന്ത്യക്കാർ അഫ്ഗാൻ പട്ടാളത്തിന് കീഴടങ്ങിയെന്നതിനെക്കുറിച്ച് കൃത്യമായി വിവരങ്ങളില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി. അമേരിക്കൻ പട്ടാളത്തിന്റെ ആക്രമണത്തിൽ അറുനൂറോളം പേർ കീഴടങ്ങിയെന്നും ഇതിൽ മലയാളികൾ ഉണ്ടെന്നുമുള്ള വാർത്ത അനൗദ്യോഗികമാണെന്നാണ് എൻ.ഐ.എയിൽ നിന്ന് ലഭിക്കുന്നത്.
തൃക്കരിപ്പൂർ, പടന്ന, ഉടുമ്പുന്തല എന്നീ പ്രദേശങ്ങളിൽ നിന്ന് 2016 ജൂണിലാണ് 21 പേരടങ്ങുന്ന സംഘം അഫ്ഗാനിലെത്തിയത്. ഇതിൽ പലരും പിന്നീട് മരണപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. എന്നാൽ ഈ സംഘത്തിൽ മലയാളികളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പലരും സ്വന്തം പേരിലുള്ള പാസ്‌പോർട്ട് ഉപയോഗിച്ചായിരിക്കില്ല തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. അതു കൊണ്ടു തന്നെ ഇവരെ തിരിച്ചറിയുക പ്രയാസമായിരിക്കും. അഫ്ഗാനിലെ അചിൻ ജില്ലയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 22 അംഗ സംഘം കീഴടങ്ങിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇതിൽ 10 പേർ മലയാളികളാണെന്നാണ് വിവരം.
മൂന്നു വർഷം മുമ്പാണ് മതപഠനത്തിന് ശ്രീലങ്കയിലേക്ക് പോകുന്നുവെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘം ഇന്ത്യ വിട്ടത്. കൂട്ടത്തിൽപ്പെട്ടവർ പലപ്പോഴായി മരണപ്പെട്ടപ്പോൾ വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ മൂന്നു മാസമായി ഒരു വിവരവുമില്ല. ഉടുമ്പുന്തലയിലെ അബ്ദുൾ റഷീദ്, ഭാര്യ ആയിഷ (സോണി സെബാസ്റ്റ്യൻ), രണ്ടു വയസുള്ള മകൾ സാറ, പടന്നയിലെ ഡോ. ഇജാസ്, ഭാര്യ ജസീല, മകൻ അനാൻ, പി.കെ. ഷിഹാസ്, ഭാര്യ അജ്മല, മുഹമ്മദ് മൻഷാദ്, കെ.വി.പി. മർവൻ, ഹഫീസുദ്ദീൻ, അഷ്ഫാഫാക്, ഷം സിയ, ഫിറോസ്, മുർഷിദ് മുഹമ്മദ്, സാജിദ് തുടങ്ങിയവരാണ് തീവ്രവാദ സംഘത്തിൽ എത്തിപ്പെട്ടതെന്ന് കരുതുന്നത്.