കടത്തുന്നത് ഹാൻസ്, മധു, ചൈനി ഘൈനി, പാൻപരാഗ്, ശംഭു, ഖൈനി തുടങ്ങിയ ഉൽപന്നങ്ങൾ
കണ്ണൂർ: പിഴയായി ഈടാക്കുന്നത് നിസാരത്തുകയാണെന്നത് നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തുകാർക്ക് ധൈര്യം പകരുന്നു. ഇതര സംസ്ഥാനത്ത് നിന്നും വൻതോതിൽ ഇവ കടത്തുന്നതിനിടയിൽ പിടിക്കപ്പെട്ടാലും പിഴ അടച്ച് എളുപ്പത്തിൽ തലയൂരാൻ സാധിക്കുമെന്നതാണ് ഇത്തരക്കാർക്ക് പ്രലോഭനമാകുന്നത്. നേരത്തെ പിടിക്കപ്പെട്ടവർ വീണ്ടും വീണ്ടും അതിർത്തി കടത്തി നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നത് പതിവാണെന്ന് സമ്മതിക്കുന്നത് എക്സൈസ് അധികൃതർ തന്നെയാണ്.
തമിഴ്‌നാട്, ബാഗ്ലൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നും ബസ് ട്രെയിൻ മാർഗമാണ് ലഹരി ഉത്പ്പന്നങ്ങൾ കണ്ണൂരിലേക്ക് കടത്തുന്നത്.പാൻ ഉൽപ്പന്നങ്ങളുടെ പൊതുസ്ഥലങ്ങളിലെ വില്പന കുറഞ്ഞെങ്കിലും പല വിധത്തിൽ ആവശ്യകാരിലേക്ക് എത്തിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇത്തരം കച്ചവടക്കാരെ നിരവധി തവണ എക്‌സൈസ് സംഘം പിടികൂടിയിട്ടുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്കും വിവിധ ലഹരി ഉത്പ്പന്നങ്ങൾ എത്തിക്കുന്നതിൽ വലിയ പങ്ക് ഉണ്ട്.
ഇവർ താമസിക്കുന്നയിടങ്ങളിൽ അവധി ദിവസങ്ങളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ നിരവധി തവണ നിരോധിത ഉത്പ്പന്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയാൽ പരമാവധി 5000 രൂപയാണ് ഇക്കാര്യത്തിലെ പരമാവധി പിഴ.
12 രൂപയ്ക്ക് വാങ്ങും 50ന് വിൽക്കും
കോട്പ നിയമ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു മീറ്റർ ചുറ്റളവിലാണ് പാൻ ഉത്പന്നങ്ങൾ നിരോധിച്ചിട്ടുള്ളത്. ഇത് ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുക മാത്രമാണു ചെയ്യുന്നത്. എന്നാൽ പിടിക്കപ്പെടുന്നവർ വീണ്ടും വില്പന നടത്തി ഈടാക്കിയ പിഴയുടെ ഇരട്ടിയിലധികം സമ്പാദിക്കുകയാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. മൊത്ത വ്യാപാരികളിൽ നിന്നു 12 രൂപയ്ക്കു വാങ്ങിയാൽ 50 രൂപ നിരക്കിലാണ് വിറ്റഴിക്കുന്നത്. . കോട്പ നിയമത്തിൽ ഭേദഗതി വരുത്തി ശക്തിപ്പെടുത്തിയാൽ മാത്രമെ അതിർത്തി കടന്നുള്ള നിരോധിത പുകയില പാൻ ഉൽപന്നങ്ങളുടെ വരവ് തടയാൻ കഴിയുള്ളുവെന്നാണ് അധികൃതർ പറയുന്നത്.
ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം
രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ-2355
പിഴ ഈടാക്കിയത്- 5,05000 രൂപ
പിടി കൂടിയ നിരോധിത ഉത്പ്പന്നങ്ങൾ -951.445 കിലോഗ്രാം