രാജപുരം:സംസ്ഥാന സർക്കാർ മണ്ണ് പര്യവേഷണ, സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടരകോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന തിമ്മൻചാൽ നീർത്തടം മണ്ണ് ജല സംരക്ഷണ പദ്ധതി പൂർത്തിയായി. പനത്തടി പഞ്ചായത്തിൽ 1,2,3,4 വാർഡുകളിലും കുറ്റിക്കോൽ പഞ്ചായത്തിലെ 8,9 വാർഡുകൾ ഉൾപ്പെട്ട പ്രദേശത്തും നബാർഡിന്റെ സഹായത്തോടെ ആർഐഡിഎഫ് 19 പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ എംപി പി കരുണാകരൻ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച പദ്ധതിയാണ് അഞ്ച് വർഷം കൊണ്ട് നൂറ് ശതമാനവും പൂർത്തിയാക്കിയത്. കേരളത്തിൽ തന്നെ മണ്ണ് സംരക്ഷണ മേഖലയിൽ ആദ്യമായാണ് ഇത്രയും വലിയ തുക ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്.
കാർഷികമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച ഈ പദ്ധതിയിൽ 960 കർഷകർക്കാണ് ഗുണം ലഭിച്ചിരിക്കുന്നത്. 241.51 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിൽ കല്ല് കയ്യാല, മണ്ണ് കയ്യാല, മഴക്കുഴി, തട്ട് തിരിക്കൽ, നീർച്ചാലുകളുടെ സംരക്ഷണം, ചെറുതടയണകൾ നിർമ്മാണം, മഴക്കുഴി, മഴവെള്ളസംഭരണം എന്നി പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്. 46 തോടുകളിലെ പാർശ്വ ഭിത്തി നിർമ്മാണം, രണ്ട് കോൺക്രീറ്റ് തടയണകൾ, വെള്ളം കുത്തിയൊലിക്കാതെ ഇരിക്കാനുള്ള 194 തടയണകൾ എന്നിവയും ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.
കുടിവെള്ളത്തിനും ജലസേചനത്തിനും ഏറെ ബുദ്ധിമുട്ട് നേരിട്ട മേഖലയിൽ നീർത്തട പദ്ധതി കൊണ്ട് ജലക്ഷാമം പരിഹരിക്കാൻ കഴിഞ്ഞത് കർഷകർക്ക് ഏറെ ആശ്വാസമാണ്. സർവേയർ കെ.പ്രീത, ഓവർസിയർ എം നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്. നൂറ് ശതമാനം പദ്ധതി പൂർത്തിയക്കിയതിന്റെ ഭാഗമായി രണ്ട് പഞ്ചായത്തുകൾക്കും പദ്ധതി കൈമാറ്റം നടത്തും. മന്ത്രി ഇ.ചന്ദ്രശേഖരൻ പദ്ധതി പൂർത്തീകരണ ആസ്തി കൈമാറ്റവും സുവനീർ പ്രകാശനവും നിർവഹിച്ചു. കെ കുഞ്ഞിരാമൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു മുഖ്യാതിഥിയായിരുന്നു.