മട്ടന്നൂർ : ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്ന് പറയുന്ന നരേന്ദ്ര മോദിയും ബി.ജെ.പി.യും ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടുകയാണെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.കോൺഗ്രസ് പടുത്തുയർത്തിയ രാജ്യത്തിന്റെ നൻമകളെയും സ്ഥാപനങ്ങളെയും തകർത്തു കൊണ്ട് മുന്നോട്ട് പോകുന്ന മോദിയും കൂട്ടരും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. മട്ടന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ മുൻ മട്ടന്നൂർ പഞ്ചായത്ത് പ്രസിഡന്റും മുൻ പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ദീർഘകാലം പൊറോറ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായിരുന്ന കെ.വി.കുഞ്ഞിരാമൻ നമ്പ്യാരുടെ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ ചന്ദ്രൻ തില്ലങ്കേരി, ഡി.സി.സി. ജനറൽ സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്റ്റർ, വി.ആർ ഭാസ്കരൻ , ടി.വി.രവീന്ദ്രൻ, എം.ദാമോദരൻ മാസ്റ്റർ, ഒ.കെ.പ്രസാദ്, കെ.വി.ജയചന്ദ്രൻ , പി.വി. ഹരിദാസൻ, സി.അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.