മട്ടന്നൂർ:കർഷകസംഘം ജില്ലാ സമ്മേളനത്തിന് മട്ടന്നൂരിൽ കൊടിയുയർന്നു. പ്രതിനിധിസമ്മേളനം ഇന്ന് രാവിലെ പത്തിന് സി എസ് ബാബു നഗറിൽ (കൈലാസ് ഓഡിറ്റോറിയം) സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കിസാൻ സഭാ ജോയിന്റ് സെക്രട്ടറിയുമായ ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പൊതുസമ്മേളനം നാളെ വൈകിട്ട് അഞ്ചിന് പി പി ഗോവിന്ദൻ നഗറിൽ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളന വേദിയായ പി പി ഗോവിന്ദൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ പി പുരുഷോത്തമനാണ് പതാക ഉയർത്തിയത്. പതാക തില്ലങ്കേരി രക്തസാക്ഷി മന്ദിരത്തിൽ നിന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് ഒ വി നാരായണന്റെയും കൊടിമരം പഴശ്ശി രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽനിന്ന് സംസ്ഥാനകമ്മിറ്റിയംഗം പി പി ദാമോദരന്റെയും നേതൃത്വത്തിൽ അത്‌ലറ്റുകളുടെയും ചുവപ്പ് വളണ്ടിയർമാരുടെയും ബൈക്ക്‌റാലിയുടെയും അകമ്പടിയോടെയാണ് കൊണ്ടുവന്നത്.