മട്ടന്നൂർ:കലക്ടറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് ജില്ലയിൽ ശേഷിക്കുന്ന ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണണണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഒട്ടേറെ ഭൂപ്രശ്‌നങ്ങൾ പരിഹരിച്ചെങ്കിലും വിവിധ പ്രദേശങ്ങളിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട്. കൈവശഭൂമിക്ക് പട്ടയം അനുവദിച്ച് കിട്ടാത്തതും 1994 മുതൽ നികുതി സ്വീകരിക്കാത്തതും വനത്തോട് ചേർന്ന് കിടക്കുന്ന ഭൂമിക്ക് 1964ന് മുമ്പുള്ള രേഖ വേണമെന്ന് നിർബന്ധിക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാണുള്ളത്. ജില്ലയിൽ പെരിങ്ങോം, പയ്യന്നൂർ, മാടായി, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠപുരം, ഇരിട്ടി, പാനൂർ എന്നീ എട്ട് ഏരിയകളിലായി അയ്യായിരത്തോളം കൈവശകൃഷിക്കാരുടെ പ്രശ്‌നം നിലനിൽക്കുയാണ്. പയ്യന്നൂർ, കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണൽ ഓഫീസുകളിലായി ആറായിരത്തിലധികം അപേക്ഷകൾ ഇപ്പോഴും തീരുമാനമാകാതെ കിടക്കുകയാണ്. 12000 അപേക്ഷകൾ കെട്ടികിടക്കുമ്പോൾ കർഷകസംഘം ഈ രണ്ട് ഓഫീസുകൾക്ക് മുന്നിലും സമരം നടത്തുകയും ഇടപെടുകയും ചെയ്തതിനാൽ ഒട്ടേറെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി. എന്നാൽ ചില റവന്യു ഉദ്യോഗസ്ഥരുടെ തെറ്റായ നിലപാട് പ്രശ്‌നപരിഹാരത്തിന് തടസമായി നിലനിൽക്കുകയാണ്. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാനുള്ള നടപടിയുണ്ടാകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.