കാഞ്ഞങ്ങാട്: സപ്ത ഭാഷ സംഗമ ഭൂമിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥകളിയിൽ ആതിഥേയ ജില്ലയ്ക്ക് എ.ഗ്രേഡ്. തെയ്യത്തിന്റെ നാട്ടിൽ നടക്കുന്ന കലോത്സവത്തിൽ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി അവതരിപ്പിച്ച് ജില്ലയ്ക്ക് അഭിമാനമായത് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളാണ്.
ലാവണാസുരം കഥയാണ് അവതരിപ്പിച്ചത്. ശ്രീരാമന്റെ വനവാസ കാലത്തെത്തെ ആസ്പദമാക്കിയുള്ള കഥയാണ് ലാവണസുരം. കാസർകോട് കുണിയ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ സന്തോഷ് പനയാലിന്റെ മകനാണ് ഗൗതം. ഹനുമാനായാണ് ഗൗതം വേഷമിട്ടത്. ലവനായി അനാമികയും കുശനായി അംന അശോകും വേഷമിട്ടു.
പ്രധാന വേദി വിട്ട് പടന്നക്കാട് സ്റ്റെല്ലമേരി സ്‌കൂളിലെ സി. രാഘവൻ മാസ്റ്റർ വേദിയിലാണ് കഥകളി നടന്നത്. രാവിലെ സിംഗിൾ ഇനം കഥകളിയോടെയായിരുന്നു കേരളത്തിന്റെ തനത് കലാരൂപം അരങ്ങിലെത്തിയത്. പിന്നീട് ഗ്രൂപ്പിന മത്സരങ്ങൾ ആരംഭിച്ചതോടെ കഥകളി ആസ്വാദകരുടെ തിരക്ക് അനുഭവപ്പെട്ടു.