നീലേശ്വരം: കക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തിയില്ല. കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യേണ്ടത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥായിരുന്നു. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കേണ്ടത് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും.
എന്നാൽ ഇവർ രണ്ടുപേരും ചടങ്ങിൽ എത്താത്തതിനെ തുടർന്ന് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ നിർവഹിക്കുകയായിരുന്നു. കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ നിർവഹിച്ചു. ജില്ല കളക്ടർ ഡോ. ഡി. സജിത് ബാബുവും പൊതു വിദ്യാഭ്യാസ ഡയരക്ടർ ജീവൻ ബാബുവും ചടങ്ങിനെത്തിയില്ല. ജില്ല പഞ്ചായത്ത് അംഗം എം.കെ. പണിക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രമീള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം. കുഞ്ഞമ്പു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശശീന്ദ്രൻ മടിക്കൈ, എം.അബ്ദുൾ റഹിമാൻ, പി.ഓമന, ബങ്കളം പി. കുഞ്ഞികൃഷ്ണൻ, വി. പ്രകാശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻപി.ടി.എ.പ്രസിഡന്റുമാരെയും സ്‌കൂളിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ചവരെയും ആദരിച്ചു.