കാസർകോട്: ഐസ്‌ക്രീം കടയിൽ അതിക്രമിച്ചുകയറി വ്യാപാരിയെ മുളകു പൊടി വിതറി ആക്രമിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ദേളി കുന്നുപാറയിലെ ഡി. അബ്ദുൽ റസാഖി (57)നെയാണ് ജില്ലാ അഡീ. സെഷൻസ് (മൂന്ന്) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

കാസർകോട് ബാങ്ക് റോഡിലെ കെ. രമേശ് മല്ല്യ(62)യെ ആക്രമിച്ച കേസിൽ പ്രതിയാണ് അബ്ദുൽറസാഖ്. 2015 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ എം.ജി റോഡിന് വടക്കുഭാഗത്തുള്ള ഐസ്‌ക്രീം പാർലറിൽ അതിക്രമിച്ചുകയറിയ അബ്ദുൽറസാഖ് രമേശ് മല്യയുടെ മുഖത്ത് മുളകു പൊടി വിതറുകയും കഠാരകൊണ്ട് ഇടതു ഷോൾഡറിന് കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. സൈനുൽ ആബിദ് വധക്കേസിലെ പ്രതിക്ക് സഹായം നൽകുന്നുവെന്ന വ്യാജ പ്രചരണത്തെ തുടർന്നാണ് അബ്ദുൽറസാഖ് അക്രമം നടത്തിയതെന്ന് രമേശ് മല്ല്യയുടെ പരാതിയിൽ പറയുന്നു.