കാസർകോട്: വന്യജീവി ആക്രമണത്തിനെതിരെ ജില്ലയിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണെന്നും റോഡു നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് അനുകൂലമായ സമീപനമാണുള്ളതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ആന മതിൽ, സൗരോർജ്ജ വേലി എന്നിവയുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും കാര്യക്ഷമമാക്കിയിട്ടുണ്ട്. വനം വന്യജീവി വകുപ്പ് മായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി ഒരുക്കിയ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനത്തിലൂടെ കടന്നു പോകുന്ന റോഡുകളുടെ നവീകരണ നടപടികൾ മാനദണ്ഡങ്ങൾക്കനുസൃതമായി വേഗത്തിൽ തീർപ്പാക്കുന്നതിന് ഡി.എഫ്.ഒ ഓഫീസിൽ ഹെൽപ് ലൈൻ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. സെറ്റിൽമെന്റിലേക്കും മറ്റു ജനവാസ കേന്ദ്രങ്ങളിലേക്കുമുള്ള കാലങ്ങളായി ഉപയോഗിച്ചു പോരുന്നതുമായ റോഡുകൾക്ക് പ്രത്യേക പരിഗണന നൽകും. വീതി കൂട്ടുന്നതും ടാറിംഗും പരിഗണിക്കാനാവില്ലെങ്കിലും സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലയോര ഹൈവേയുമായി ബന്ധപ്പെട്ട റോഡുകളുടെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാർ നിലവിൽ വന്ന ശേഷം നഷ്ടപരിഹാര തുക ഇരട്ടി ആക്കിയതായും കാലതാമസം കൂടാതെ പരാതികൾ പരിഹരിച്ച് തുക വിതരണം ചെയുന്നതിന് ഉദ്യോഗസ്ഥർക്ക് കർശനം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

റോഡുകളും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ലഭിച്ച 161 പരാതികളും വേദിയിൽ തീർപ്പാക്കി ഉത്തരവും നൽകി. ഇതിൽ 105 എണ്ണവും അപേക്ഷകർക്ക് അനുകൂലമായി തീർപ്പാക്കിയപ്പോൾ എട്ടെണ്ണം നിരസിച്ചു. തുടർ നടപടികൾ ആവശ്യമായ 48 അപേക്ഷകൾ മാറ്റിവെച്ചു. സ്ഥലപരിശോധനയടക്കം നടത്തി നിരസിച്ച കാരണവും അദാലത്തിൽ പരാതിക്കാരെ ബോധ്യപ്പെടുത്തുകയുണ്ടായി. അദാലത്ത് വേദിയിൽ ലഭിച്ച 83 പരാതികളടക്കം തുടർനടപടികൾ വേണ്ട 131 പരാതികളിന്മേൽ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരെ നേരിട്ടറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

20 കി.മീ സൗരോർജ വേലി

വന്യ ജീവി ആക്രമണ പ്രതിരോധങ്ങൾക്കായി ജില്ലയിൽ 3.95 കി.മീ ആന മതിലും 71.75 കി.മീ സൗരോർജ വേലിയും നിർമ്മിച്ചു കഴിഞ്ഞു. ഈ വർഷം പുതുതായി 20 കി.മീ സൗരോർജ വേലി കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ വർഷം 34 കിലോമിറ്റർ സൗരോർജ വേലിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും