ചെറുവത്തൂർ: ഗതാഗതക്കുരുക്കിൽ സ്കൂൾ കലോത്സവം അലങ്കോലമാകാതിരിക്കാൻ ട്രക് ഡ്രൈവർമാരുടെ സഹകരണം.. കാഞ്ഞങ്ങാട് ദേശീയപാത വഴി സഞ്ചരിക്കേണ്ട നൂറുകണക്കിന് ചരക്കു ലോറികളാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ യാത്ര താത്കാലികമായി നിർത്തിവെച്ചത്. ഇതോടെ കാലിക്കടവ് ഫുട്ബാൾ സ്റ്റേഡിയം ട്രക്കറുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
രാവിലെ 9 മണി മുതൽ അർദ്ധരാത്രി വരെ കാലിക്കടവിൽ നിർത്തിയിടുന്ന ചരക്കു ലോറികൾ കലോത്സവ തിരക്ക് കഴിയുന്നതോടെ മാത്രമാണ് സർവീസ് പുനരാരംഭിക്കുന്നത്.
കലോത്സവത്തിന്റെ ആദ്യ ദിവസത്തെ അഭൂതപൂർവ്വമായ ജനത്തിരക്കും വാഹനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും പരിഗണിച്ചാണ് രണ്ടാം ദിവസം മുതൽ പൊലീസധികൃതർ ട്രക്ക് ഡ്രൈവർമാരുമായി ബന്ധപ്പെട്ടത്. പൊലീസിന്റെ നിർദ്ദേശം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു ഇവർ.
ഡൽഹി, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ദിവസങ്ങൾക്ക് മുമ്പായി കേരളത്തിന്റെ തെക്കൻ മേഖലയിലേക്ക് വിവിധതരം ചരക്കുമായി വന്ന ട്രക്കുകൾ, ഗ്യാസ് ടാങ്കറുകൾ, ട്രെയ്‌ലറുകൾ തുടങ്ങിയ വാഹനങ്ങളാണ് തിരിച്ചുു പോകുന്ന വഴിയിൽ കാലിക്കടവിൽ നിർത്തിയിട്ടത്. അതുപോലെ മംഗലാപുരം വഴി ഉത്തരേന്ത്യയയിലേക്ക് ചരക്കുമായി പോകുന്നന വാഹനങ്ങളും ഇവിടെ നിർത്തിതിയിട്ടശേഷം രാത്രി ഏറെ വൈകിയാണ് യാത്ര പുനരാരംഭിക്കുന്നത്. കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്നും ഇതേ രീതിയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസധികാരികൾ പറഞ്ഞു.