കാഞ്ഞങ്ങാട്: സംസ്ഥാന കലോത്സവം തുടങ്ങിയ ദിവസം മുതൽ പരാതികളുടെ പ്രളയമുണ്ടായത് ഐങ്ങോത്ത് ദേശീയപാതയ്ക്ക് സമീപത്തെ പ്രധാന വേദിക്കു മുന്നിലെ തിരക്കിനെയും ഗതാഗത കുരുക്കിനെയും കുറിച്ചായിരുന്നു. ദേശീയപാതയിലെ സ്ഥിരം വാഹനങ്ങളും കലോത്സവത്തിന് എത്തിയവരുടെ വാഹനങ്ങളും നിറഞ്ഞതോടെ മത്സരാർത്ഥികൾ ഉൾപ്പെടെ എല്ലാവരും കുരുക്കിലായി. രാത്രി വൈകുംവരെ കഠിനാദ്ധ്വാനം ചെയ്തിട്ടും കുരുക്ക് മാത്രം അഴിഞ്ഞില്ല.

ആദ്യ ദിനത്തിലെ പാഠം ഉൾക്കൊണ്ട് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരനും പൊലീസ് സംഘവും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ നീലേശ്വരം പള്ളിക്കരയിലെ പി.വി രതീഷ്, കാസർകോട് മുന്നാട്ടെ ടി. വൈകുണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ഫുൾ ടീമും ഇറങ്ങിയതോടെ പ്രധാന വേദിക്ക് മുന്നിലെ തിരക്കും വാഹനങ്ങളുടെ നീണ്ട നിരയും അപ്രത്യക്ഷമായി. രാത്രി വൈകും വരെ പൊലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും സഹായിക്കാൻ സ്വയം വളണ്ടിയർമാരായി നാട്ടുകാരും എത്തിയതോടെ എല്ലാം ക്ലീയർ.

പുലർച്ചെ മൂന്നു മണി വരെ റോഡിൽ ഉണ്ടായിരുന്ന ഡിവൈ.എസ്.പി സുധാകരൻ കമ്പക്കയറും വടവും കൊണ്ടുവന്ന് റോഡിന് ഇരു ഭാഗവും വേലി കെട്ടിയതോടെ ഐങ്ങോത്തെ വേദിക്ക് മുന്നിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് പമ്പ കടന്നു. മത്സരം കാണാൻ എത്തിയവർക്കും മത്സരാർത്ഥികൾക്കും സുഗമമായി നടന്നു പോകാനും വഴിയൊരുങ്ങി. ഡിവൈ.എസ്.പിയും എ.എം.വി മാരും ഊണും ഉറക്കവുമില്ലാതെ മുഴുവൻ സമയവും റോഡിലിറങ്ങി തിരക്ക് നിയന്ത്രിച്ചതോടെ കലയുടെ പൂരം കാണാൻ എത്തിയവർ ഈ ഓഫീസർമാരെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ദേശീയ പാതയിലെ വൻകിട വാഹനങ്ങളും ടാങ്കറുകളും കാലിക്കടവിലും മാവുങ്കാലിലും പിടിച്ചുവയ്ക്കാൻ ഡിവൈ.എസ്.പി നിർദ്ദേശവും നൽകി. മറ്റുവാഹനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തതോടെ ഇന്നലെ എല്ലാം ശുഭമായി.

പടം

ചൂടും പൊടിയും പ്രശ്നമല്ല.. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരൻ ട്രാഫിക് തടസം നീക്കുന്നു