തലശ്ശേരി: മുസ് ലിം വേഷമിട്ട് പള്ളികളിലെത്തി പണം പിരിച്ചും യാത്രാ വഴിയിൽ കണ്ടുമുട്ടുന്നവരെ ചതി ക്കെണിയിൽ വീഴ്ത്തിയും തട്ടിപ്പും ആൾമാറാട്ടവും നടത്തിയതിന് പിടിയിലായ അമ്പത്തിയെട്ടുകാരനെ തലശ്ശേരി സി.ജെ.എം.കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് പേരാമ്പ്ര അവിടനല്ലൂരിലെ വാരിയത്ത് വീട്ടിൽ രാമൻ നമ്പീശന്റെ മകൻ വേണുനാഥാണ് (58) ജയിലിലായത്. മുസ്ലിം തൊപ്പിയണിഞ്ഞ് വിവിധ പള്ളികളിൽ എത്തി ഇല്ലാക്കഥ കൾ പറഞ്ഞ് സംഭാവന വാങ്ങിയെന്നും ഹോം നേഴ്‌സിനെ എത്തിക്കാമെന്നു പറഞ്ഞ് പണം വാങ്ങിയെന്നുമുള്ള പരാതിയെ തുടർന്നാണ് തലശ്ശേരി ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.
ഹോം നേഴ്‌സിംഗ് സ്ഥാപനം നടത്തുന്ന സ്ത്രീയോട് കോഴിക്കോട് നിന്ന് നഴ്‌സുമാരെ തരപ്പെടുത്തിതരാമെന്നു പറഞ്ഞ് 3000 രൂപ അഡ്വാൻസ് വാങ്ങി. ഇവരെ കൂത്തുപറമ്പിൽ നിന്ന് കോഴിക്കോട്ടേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ വച്ച് പണവും സ്വർണവും മോഷണം പോവാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു സ്ത്രീയിൽ നിന്ന് 8000 രൂപയും 10 ഗ്രാം സ്വർണ്ണവും ഫോൺ വിളിക്കാനെന്ന വ്യാജേന മൊബൈൽ ഫോണും കൈക്കലാക്കിയതായി യുവതി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.