കൽപ്പറ്റ: മുണ്ടേരിയിൽ പ്രവർത്തിച്ചുവരുന്ന കൽപ്പറ്റ നഗരസഭയുടെ കീഴിലുള്ള അർബൻ ഹെൽത്ത് സെന്ററിൽ ഡോക്ടർമാരില്ലാതെ രോഗികൾ ബുദ്ധിമുട്ടിലായി. സെന്ററിൽ മൂന്ന് ഡോക്ടർമാർ പതിവായി രോഗികളെ പരിശോധിച്ചിരുന്നു. വെങ്ങപ്പള്ളി, പിണങ്ങോട്, മുണ്ടേരി, മണിയങ്കോട്, തെക്കുംതറ, കോട്ടത്തറ, മുട്ടിൽ, കൽപ്പറ്റ എന്നീ പ്രദേശങ്ങളിലെ ആളുകൾക്ക് ഉപകാരപ്രദമായിരുന്നു ഈ ഹെൽത്ത് സെന്റർ. പ്രതിദിനമെത്തുന്ന മുന്നൂറോളം രോഗികളെ പരിശോധിക്കാൻ നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. നിലവിലുള്ള ഡോക്ടറും പെട്ടന്ന് സ്ഥലം മാറി പോകുന്നതിനാൽ ഈ ഹെൽത്ത് സെന്റർ അടച്ചിടേണ്ട സാഹചര്യമാണുള്ളത്. അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് കെ കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി പി ആലി, ടി ജെ ഐസക്, സി ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, എസ് മണി, കെ കെ മുത്തലിബ്, സാലി റാട്ടക്കൊല്ലി, സലീം കാരാടൻ, കെ മഹേഷ്, പി വിനോദ്കുമാർ, കെ അജിത, പി ആയിഷ, പി ആർ ബിന്ദു, ജൽത്രൂദ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.