കൽപ്പറ്റ: ബി അബ്ദുൽ നാസറിനെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചു. വയനാട് കലക്ടർ അജയകുമാറിന് കൃഷി വകുപ്പ് ഡയറക്ടറായാണ് നിയമനം. നിലവിൽ കൊല്ലം ജില്ലാ കളക്ടറാണ് അബ്ദുൾ നാസർ. മുമ്പ് വയനാട്ടിൽ എഡിഎം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശിയാണ്.

ജീവിത പ്രതിസന്ധികളോട് പടവെട്ടി ഉന്നതനിലയിലെത്തിയ ആളാണ് അബ്ദുൽ നാസർ. അഞ്ചാം വയസ്സിൽ പിതാവ് മരിച്ചു. തലശേരിയിലേയും തൃശൂരിലേയും അനാഥാലയങ്ങളിലായിരുന്നു തുടർന്നുള്ള ജീവിതം. നാസറും അഞ്ച് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ ഉമ്മയാണ് കഷ്ടപ്പെട്ട് പോറ്റിയിരുന്നത്. പ്രീഡിഗ്രി വരെ അനാഥാലയത്തിലായിരുന്നു ജീവിതവും പഠനവും. തുടർന്ന് തലശ്ശരി ബ്രണ്ണൻ കോളേജിൽ നിന്ന് ഇംഗ്ളീഷിൽ ബിരുദം നേടി. ഫറൂഖ് കോളേജിൽ നിന്ന് എം.എ, ബിഎഡ് ബിരുദങ്ങൾ കരസ്ഥമാക്കി. സർവീസിൽ കയറിയ ശേഷമായിരുന്നു എറണാകുളം രാജഗിരി കോളേജിൽ നിന്ന് എംഎസ്ഡബ്ല്യു നേടിയത്. പഠനകാലത്ത് ഹോട്ടൽ ജോലിയുൾപ്പെടെ പലവിധ ജോലികളും ചെയ്തു.

1994 ൽ ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടറായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. സ്റ്റേറ്റ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച് 2006ൽ ഡെപ്യൂട്ടി കളക്ടറായി. 2015ൽ സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റർ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കോംപീറ്റന്റ് അതോറിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. അദ്ധ്യാപികയായ എം.കെ.റുക്സാനയാണ് ഭാര്യ. നയീമ, നൂമാൻ, ഇനാം എന്നിവർ മക്കൾ.