കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിൽ മരാമത്ത് പ്രവർത്തിയിൽ ലക്ഷങ്ങളുടെ അഴിമതി നടക്കുകയാണെന്ന് മുസ്ലീം ലീഗ് ഭാരവാഹികളും കൗൺസിലർമാരും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് പൂർത്തീകരിച്ച പ്രവൃത്തികൾ ഒക്ടോബർ 30ന് ടെണ്ടർ ചെയ്തിരിക്കുകയാണ്. ടെണ്ടർ ചെയ്ത ആർക്കും ഷെഡ്യുൾ നൽകിയില്ല. മരാമത്ത് പ്രവർത്തികൾക്ക് പാലിക്കേണ്ട ഒരു നടപടിയും പാലിച്ചില്ല.

നാരങ്ങാകണ്ടി കോളനിക്ക് സമീപം മരപ്പാലം പൊളിച്ചു പുനർനിർമ്മാണത്തിന് 1,20,000 രൂപ, കൽപ്പറ്റ എച്ച്.ഐ.എം. യു.പി.സ്‌കൂളിന് സമീപം പൊതുവേദി നിർമ്മാണത്തിന് രണ്ട് ലക്ഷം, പുതിയ മാർക്കറ്റിൽ മുറികൾ വേർതിരിച്ച് അടിസ്ഥാന സൗകര്യമൊരുക്കാൻ 3, 20,000 രൂപ, മുണ്ടേരിയിലെ പഴയ കേന്ദ്രീയ വിദ്യാലയം നവീകരിച്ച് പകൽ വീടാക്കൽ പൂർത്തീകരണത്തിന് 4, 90,000 രൂപ, സ്വതന്ത്ര മൈതാനം നവീകരിക്കൽ 60,000 രൂപ, താനിക്കുനി കോളനി ശൗചാലയത്തിന് 50,000, മുണ്ടേരി പകൽവീട് മുറ്റം അഭിവൃദ്ധിപ്പെടുത്തലിന് 4,90,000, കുരുന്തൻ കോളനിക്ക് സമീപം നടപ്പാത പൂർത്തീകരണത്തിന് 4,90,000 രൂപ എന്നിങ്ങനെ പത്ത് പ്രവർത്തികൾക്കാണ് ടെണ്ടർ വിളിച്ചത്.

അഴിമതിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രക്ഷോഭം നടത്തുമെന്ന് കൗൺസിലർ എ.പി.ഹമീദ്, സി.കെ.നാസർ, കെ.കെ.കുഞ്ഞഹമ്മദ്, ഒ.സരോജിനി, വി.ശ്രീജ, ഉമൈബ മൊയ്തീൻ കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.