കൽപ്പറ്റ: സിവിൽസ്റ്റേഷനു മുൻപിൽ ആറുമാസക്കാലമായി നടന്നുവരുന്ന ഭൂമിക്കുവേണ്ടിയുളള ഭൂരഹിതരുടെയും,തോട്ടം തൊഴിലാളികളുടെയും സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ കാണിക്കുന്ന അമാന്തത്തിൽ വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രതിഷേധിച്ചു. സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് ഒത്തു തീർപ്പക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

റവന്യൂ സെക്രട്ടറിയായിരുന്ന നിവേദിത.പി.ഹരനും സ്‌പെഷ്യൽ ഓഫീസറായിരുന്ന രാജമാണിക്യവും സംസ്ഥാന സർക്കാറിനു നൽകിയ റിപ്പോർട്ട് അനുസരിച്ച് വയനാട്ടിൽ മാത്രം 25000 ഏക്കർ ഭൂമി സ്വകാര്യതോട്ടങ്ങളും വ്യക്തികളും യാതൊരുരേഖയുമില്ലാതെ കൈവശം വച്ചു വരുന്നുണ്ട്. നികുതിയടക്കാതെയും പ്ലാന്റേഷൻ ടാക്സ് തുടങ്ങിയവ നൽകാതെയും നൂറ്റാണ്ടുകൾ ആയി കൈയ്യടക്കി വച്ചിരിക്കുന്ന ഈ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും ഇവർ സർക്കാറിന് ഉപദേശം നൽകിയിരുന്നു. ചെറുകിട ഭൂ ഉടമകൾ മുതൽ വൻ കമ്പനികൾ വരെ കൈയടക്കിവച്ചിരിക്കുന്ന ഈ ഭൂമി പിടിച്ചെടുത്താൽ വയനാട്ടിലെ ആദിവാസികൾ,തോട്ടം തൊഴിലാളികൾ, മറ്റു ഭൂരഹിതർ എന്നിവർക്കും പ്രകൃതിദുരന്തം മൂലം മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങൾക്കും മെഡിക്കൽകോളേജ് തുടങ്ങിയ പൊതു ആവശ്യത്തിനും വേണ്ട ഭൂമിയുണ്ടാകും.
വയനാട്ടിൽ സമരങ്ങളുടെ പേരിൽ നഗ്നമായ വനം കൈയ്യേറ്റമാണ് നടന്നത്. നിയമവിരുദ്ധമായ വൻതോട്ടമുടമകൾ കൈയ്യടക്കി വച്ചിരിക്കുന്ന അധികഭൂമിയിലേക്ക് ആരും സമരം നടത്താത്തത് സംശയാസ്പദമാണെന്നും പ്രകൃതി സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.