കൽപ്പറ്റ: നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിയമാനുസൃതമായി പ്രവൃത്തിക്കാൻ കഴിയുന്ന ക്വാറികൾക്ക് അടിയന്തരമായി പ്രവർത്തനാനുമതി നൽകണം. നിർമാണമേഖലയിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം കൊണ്ടുവരുന്നതിനൊപ്പം പരിസ്ഥിതി മൗലികവാദം ചെറുക്കുകയും വേണം.

കഴിഞ്ഞ ആറ് വർഷമായി 175 ക്വാറികൾ അടഞ്ഞുകിടക്കുകയാണ്. ജില്ലയിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾ നിർമാണമേഖലയെ ആശ്രയിച്ച് തൊഴിലെടുക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ മണൽവാരൽ നിരോധിച്ചു. കല്ല്, മണൽ, ഇഷ്ടിക എന്നിവയെല്ലാം മറ്റ് ജില്ലകളിൽനിന്നുാണ് എത്തുന്നത്. ഗുണഭോക്താക്കൾ അമിതവില കൊടുത്ത് ഉൽപ്പന്നങ്ങൾ വാങ്ങേണ്ടി വരുന്നു.

ക്വാറികളുടെ പ്രവർത്തനം സംബന്ധിച്ച് പഠിക്കാൻ ജില്ലാ അധികൃതർ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ദുരന്തനിവാരണ അതോറിറ്റി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എൻഐടി തയ്യാറാക്കിയ പഠന റിപ്പോർട്ട് പരസ്യപെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധിസമ്മേളനം അഖിലേന്ത്യ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. വി വിബേബി അദ്ധ്യക്ഷനായി. പി ജെ ആന്റണി രക്തസാക്ഷി പ്രമേയവും കെ സുഗതൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നടുവത്ത് സുന്ദരേശൻ, കൂട്ടായ് ബഷീർ, സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, സി കെ ശശീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ എം മധു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ വി മോഹനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി ഗഗാറിൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഇന്ന് ശനിയാഴ്ച വൈകിട്ട് റാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തിൽ പി കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും. സിഐടിയു സംസ്ഥാനനേതാക്കളായ കൂട്ടായ് ബഷീർ, സി കെ ഹരികൃഷ്ണൻ, നെടുവത്തൂർ സുന്ദരേശൻ, ടി കെ രാജൻ എന്നിവർ സംസാരിക്കും.