കോഴിക്കോട്: എഴുത്തുകാരനും ചലച്ചിത്രകാരനും മുൻ പത്രപ്രവർത്തകനുമായ എ.നന്ദകുമാർ (63) നിര്യാതനായി. ഇന്നലെ പുലർച്ചെ 1.10ന് കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലായിരുന്നു അന്ത്യം.
കേരള സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം മുംബൈയിൽ യു.എൻ.ഐ യിലും ഫ്രീ പ്രസ് ജേണലിലും ജോലി ചെയ്‌തിരുന്നു. ആനുകാലികങ്ങളിൽ കവിതയെഴുതിയിരുന്ന ഇദ്ദേഹത്തിന്റേതായി ഏതാനും പുസ്‌തകങ്ങളുമുണ്ട്. ഊണും ബോണസും ചില കൈപ്പിഴകളും (കഥാസമാഹാരം), എ ആർ റഹ്‌മാൻ ; ജീവിതം, സംഗീതം, സിനിമ, കംപ്യൂട്ടർ കൃതികൾ എന്നിവയാണ് പ്രധാന കൃതികൾ. ടെലിഫിലിമിനു പുറമെ സിനിമയും സംവിധാനം ചെയ്‌തിട്ടുണ്ട്.
പാലക്കാട് കോതച്ചിറയാണ് സ്വദേശം. പരേതരായ കെ. മാധവ വാര്യരുടെയും എ. മാധവിയുടെയും മകനാണ്.
കഴിഞ്ഞ 35 വർഷത്തിലധികമായി കോഴിക്കോട്ടായിരുന്നു താമസം. മക്കൾ: അനിരുദ്ധ്, അതുല്യ. സഹോദരങ്ങൾ: സതീശൻ, ഇന്ദിര, ഉഷ
സംസ്‌കാരം ഇന്ന് രാവിലെ 11ന് എറണാകുളം രവിപുരം ശ്മശാനത്തിൽ.