പുൽപ്പള്ളി: ചേകാടിയിലെ നെൽവയലുകളിൽ വീണ്ടും സുഗന്ധ നെല്ലിനമായ ഗന്ധകശാലയുടെ പെരുമ. പ്രദേശത്തെ 200 ഏക്കറോളമുള്ള വയലിൽ നല്ലൊരു പങ്കിലും ഗന്ധകശാല കൃഷിയുണ്ട്. പരമ്പരാഗതമായി ചെട്ടി വിഭാഗത്തിലുള്ള ആളുകളാണ് ഗന്ധകശാല കൃഷി ചെയ്തുപോരുന്നത്.
നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയലേലകളിൽ കതിരണിഞ്ഞ് നിൽക്കുന്ന ഗന്ധകശാല നെൽചെടികൾ ഹൃദയാനന്ദകരമായ കാഴ്ചയാണ്. ഉയർന്ന വിലയും ഗന്ധകശാല നെല്ലിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. ജൈവ രീതിയിലാണ് ഇവിടെ കർഷകർ കൃഷിയിറക്കുന്നത്. അതുകൊണ്ട് തന്നെ ഗന്ധകശാല അരിക്ക് നല്ല ഡിമാന്റുമുണ്ട്.
കൃഷി പ്രോത്സാഹനത്തിന് പദ്ധതികൾ ആവിഷ്‌ക്കരിച്ചാൽ കൂടുതൽ കർഷകർ ഈ രംഗത്തേക്ക് കടന്നുവരും. ജില്ലയിൽ ഏറ്റവും കൂടുതൽ ഗന്ധകശാല കൃഷിയിറക്കുന്ന പ്രദേശവും ചേകാടിയാണ്. ഇവിടെ പുതിയ ജലസേചന പദ്ധതി ആവിഷ്‌ക്കരിച്ചതോടെ വർഷത്തിൽ രണ്ട് തവണ കൃഷിയിറക്കാൻ കഴിയും. ഇക്കാരണത്താലും നിരവധി കർഷകർ ഗന്ധകശാല കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.
(ഫോട്ടൊ- ചേകാടി പാടശേഖരം)