വടകര: വടകരയിലെ വിവിധ ഓഫീസുകളുടെ ആസ്ഥാനമായി റവന്യൂ ടവർ യാഥാർത്ഥ്യമാക്കുമെന്ന് സി.കെ.നാണു എം എൽ എ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു . കഴിഞ്ഞ ആഗസ്റ്റിൽ പ്രളയക്കെടുതി നേരിട്ട താലൂക്കിലെ മുഴുവൻ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്കും ബന്ധുവീട്ടിലേക്ക്താമസം മാററിയവർക്കും ദുരിതാശ്വാസ സഹായം അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും ബന്ധുവീട്ടിലേക്ക് മാറിയ 5000 ൽപ്പരം കുടുംബങ്ങൾക്ക് ഇതുവരെ സഹായം ലഭിച്ചിട്ടില്ല.
ഈ കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് റവന്യൂ വകുപ്പിന്റേതെന്ന് പരാതിയുയർന്നു.വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും പ്രാഥമികമായി മറ്റുള്ളവർക്ക് 10000 രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ചത്.
വീട് നഷ്ടപ്പെട്ടവർക്ക് ഇതുവരെ യാതൊരു തുക ലഭിച്ചിട്ടില്ല. വില്ലേജിൽ നിന്നും കിട്ടിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പണം ലഭിക്കാനായി മുഴുവൻ കാര്യങ്ങളും റവന്യൂ കമ്മീഷണറുടെ ഓഫീസിൽ സമർച്ചിച്ചുവെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. തുടർ നടപടികൾ വൈകുകയാണെന്ന് സമിതി അംഗങ്ങൾ യോഗത്തിൽ പറഞ്ഞു. വേളം പഞ്ചായത്തിലെ മണിമലയിൽ നാളികേരപാർക്ക് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വടകര കോൺവെന്റ് റോഡ് , ചോളം വയൽ റോഡരുകിലെ തില്ലങ്കേരി കോംപ്ലക്സിൽ നിന്ന് മാലിന്യ ടാങ്ക് നിറഞ്ഞു കവിഞ്ഞു പരിസരവാസികൾ ദുരിത്തിലായതായി വടകര വസന്തം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ കാര്യത്തിൽ നടപടിയെടുക്കുമെന്ന് മുൻസിപ്പൽ അധികൃതർ മറുപടി നല്കി.
കിടഞ്ഞി തുരുത്തിമുക്ക് പാലത്തിനായി ആശാസ്ത്രീയമായ സ്ഥലമെടുപ്പിനെ തുടർന്ന് വീടുകൾ നഷ്ടപ്പെടുന്ന പരാതികൾ പി ഡബ്ള്യൂ ഡി അധികൃതരെ അറിയിക്കാൻ തീരുമാനിച്ചു.
കരിമ്പനപ്പാലം കള്ള് ഷാപ്പ് പരിസരം കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്നു ഉപയോഗം നിയന്ത്രിക്കുമെന്ന് പൊലീസും എക്സൈസ് അധികൃതരും പറഞ്ഞു. വികസന സമിതി അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി ശ്രീധരൻ , സമിതി അംഗങ്ങളായ പി.എം. ആശോകൻ , പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ, ടിവി.ബാലകൃഷ്ണൻ , വിജുല അമ്പലത്തിൽ , സി കെ കരിം എന്നിവർ സംസാരിച്ചു.