കൽപ്പറ്റ: ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയ്ക്ക് പിറന്നാൾ സമ്മാനമായി കൽപ്പറ്റ മുൻസിഫ് - മജിസ്‌ട്രേറ്റ് കോടതി യാഥാർത്ഥ്യമായി. ജില്ലാ കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജ് എ.കെ ജയശങ്കരൻ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു.
ആവശ്യത്തിന് കോടതികളില്ലാത്തത് നീതി ലഭിക്കാൻ കാലതാമസമുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയ ബാധിതർക്കുളള ദുരിതാശ്വാസ ധനസഹായവും ജഡ്ജ് എ.കെ ജയശങ്കരൻ നമ്പ്യാർ വിതരണം ചെയ്തു.
ജുഡിഷ്യൽ ഹെഡ്ക്വാർട്ടേസിൽ മുൻസിഫ് - മജിസ്‌ട്രേറ്റ് കോടതിയില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു വയനാട്. ആഗസ്റ്റ് 24നാണ് സംസ്ഥാന സർക്കാർ കൽപ്പറ്റ മുൻസിഫ് കോടതിയെ മുൻസിഫ് - മജിസ്‌ട്രേറ്റ് കോടതിയായി ഉയർത്തി ഉത്തരവിറക്കിയത്. ഇതിനായി നാല് അധിക തസ്തികകളും സൃഷ്ടിച്ചു. എം.സി ബിജുവാണ് കൽപ്പറ്റ മുൻസിഫ് - മജിസ്‌ട്രേറ്റ് കോടതി കോടതിയുടെ മുൻസിഫ് മജിസ്‌ട്രേറ്റ്.
കമ്പളക്കാട്, വൈത്തിരി, കൽപ്പറ്റ, മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധികളിലെ സിവിൽ, മജിസ്‌ട്രേറ്റ് കേസുകൾ ഇനി മുതൽ പുതിയ കോടതിയുടെ പരിധിയിലായിരിക്കും. ജില്ലാ കോടതി സമുച്ചയത്തിലാണ് കോടതിയുടെ പ്രവർത്തനം.
ജില്ലാ ആസ്ഥാനത്ത് കോടതി യാഥാർത്ഥ്യമാകുന്നതോടെ നിലവിലെ ദൂരപരിധിയടക്കമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും. കൽപ്പറ്റയിൽ കൂടി സബ് കോടതി വേണമെന്ന ആവശ്യമാണ് ഇനി അവശേഷിക്കുന്നത്.
കേസുകളിൽ വളരെ വേഗം തീർപ്പു കല്പിച്ച് ജില്ലയെ മോഡൽ ജ്യുഡിഷ്യൽ ജില്ലയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് കെ.പി ജോൺ പറഞ്ഞു. കോടതി നടപടികൾ വേഗത്തിലാക്കാൻ വിവിര സാങ്കേതിക വിദ്യയുടെ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോടതികൾ നീതി നിഷേധിക്കപ്പെടുന്നവരുടെ ആദ്യ അത്താണിയായി മാറണമെന്നും അതിനു കൂടുതൽ കോടതികൾ ആവശ്യമാണെന്നും ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എം.പി ജയരാജ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ മോട്ടോർ അക്സിഡന്റ്സ് ക്ലെയിംസ് ട്രൈബൂണൽ കെ. ബൈജുനാഥ്, ബാർ അസോസിയേഷൻ പ്രസിഡന്റ് പി.എം രാജീവ്, ഗവൺമെന്റ് പ്ലീഡർ ജോസഫ് മാത്യു, ജില്ലാ കോടതി ശിരസ്തദാർ കെ. സത്യ സജീവ്, അഡ്വക്കേറ്റ് ക്ലർക്ക്സ് അസ്സോസിയേഷൻ പ്രസിഡന്റ് പി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
ചിത്രം
കൽപ്പറ്റ മുൻസിഫ് - മജിസ്‌ട്രേറ്റ് കോടതി കേരള ഹൈക്കോടതി ജഡ്ജ് എ.കെ ജയശങ്കരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു.