ജില്ലയിൽ മൂവായിരം സ്ത്രീകൾ

കൽപ്പറ്റ: നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭാര്യമാർക്ക് ജില്ലാ സർവ്വീസസ് അതോറിറ്റിയുടെയും ജ്വാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ലീഗൽ ക്ലിനിക്കും കൂട്ടായ്മയും സംഘടിപ്പിച്ചു. കൽപ്പറ്റ നഗരസഭ ഹാളിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാൻ ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ലീഗൽ ക്ലിനിക്കിൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ സാമൂഹിക, മാനസിക പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഇവർക്ക് ആവശ്യമായ നിയമപരമായ സഹായവും നൽകും.

ജില്ലയിൽ മൂവായിരത്തോളം സ്ത്രീകളെ ഇത്തരത്തിൽ ഭർത്താക്കന്മാർ ഉപേക്ഷിച്ചതായാണ് കണക്ക്. സാമൂഹ്യ നീതി വകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ജില്ലാ ആൻഡ് സെക്ഷൻ ജഡ്ജ് കെ.പി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി സുനിത, ജ്വാല എക്സിക്യൂട്ടീവ് ഡയറക്ടർ സി.കെ ദിനേശൻ, ഡിവൈഎസ്‌പി വി.പി സുരേന്ദ്രൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ അഷ്റഫ് കാവിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ പി.സാജിത, ഡെസേർട്ടഡ് വൈവ്സ് ഫോറം മെമ്പർ സെക്രട്ടറി ലില്ലി തോമസ് തുടങ്ങിയവർ സംസാരിച്ചു.

നിയമപരമല്ലാതെ ഭർത്താക്കന്മാർ ഉപേക്ഷിച്ച 400ൽ അധികം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു.