മേപ്പാടി: പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇരകളായവരടക്കം പ്രളയത്തിൽ അകപ്പെട്ടവർക്കായി വ്യക്തികളും, സംഘടനകളും നൽകിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മേപ്പാടി പഞ്ചായത്ത് ലൈബ്രറിയിൽ കൂട്ടിയിടുകയും, അർഹർക്ക് നൽകാതിരിക്കുകയും ചെയ്ത സംഭവം പുറത്തായപ്പോൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സാധനങ്ങൾ സ്ഥലത്ത് നിന്നും നീക്കം ചെയ്യാൻ ശ്രമം നടത്തുന്നതായി യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. സാധനങ്ങൾ കെട്ടികിടന്ന സംഭവത്തിൽ പ്രതിഷേധിച്ച യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകരോടും, മാധ്യമപ്രവർത്തകരോടും, പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് സാധനങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നാണ്. എന്നാൽ പ്രതിഷേധം ശക്തമായപ്പോൾ ഭക്ഷ്യവസ്തുക്കൾ നീക്കം ചെയ്യാനുള്ള ശ്രമം നടത്തുകയാണുണ്ടായതെന്നും യൂത്ത്‌കോൺഗ്രസ് ആരോപിച്ചു.
മേപ്പാടി: പുത്തുമലയിലെ പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങൾ നൽകുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, വീടുകളുടെ വാടകകുടിശിക നൽകുക, വെള്ളരിമല വില്ലേജ് ഓഫീസിന്റെ പ്രവർത്തനം പുനസ്ഥാപിക്കുക,മേപ്പാടി പഴയ കമ്മ്യൂണിറ്റി ഹാളിൽ പ്രളയബാധിതർക്ക് നൽകാതെ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മേപ്പാടി മണ്ഡലം യൂത്ത്‌കോൺഗ്രസ് കമ്മിറ്റി വെള്ളരിമല വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് പി എം മൻസൂറിന്റെ അദ്ധ്യക്ഷതയിൽ കെ പി സി സി എക്സിക്യുട്ടീവ് അംഗം എൻ ഡി അപ്പച്ചൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി സുരേഷ്ബാബു, ഷരീഫ്, ചാക്കോ കുരുവിള, രാംകുമാർ, സുകുമാരൻ, യൂനസ് കെ പി, ഷംസു കുന്നമ്പറ്റ,രോഹിത്‌ബോധി, അരുൺ, സുലൈമാൻ, ബാബു, മുനീർ, സലീം, അൻവർ സാദത്ത്, സതീശൻ നെല്ലിമുണ്ട എന്നിവർ സംസാരിച്ചു.