കൽപ്പറ്റ: കേരളത്തിലെ മൂന്ന് ലക്ഷത്തോളം വരുന്ന തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്നതിൽ തോട്ടം ഉടമകളുടെ പിടിവാശി ഉപേക്ഷിക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2017ൽ കൂലി പുതുക്കിയതിന്റെ കാലാവധി അവസാനിച്ചിരിക്കയാണ്. കൂലവർധനയെക്കുറിച്ച് ആലോചിക്കാൻ സർക്കാർ യോഗം വിളിക്കാൻ തയ്യാറായിട്ടും കൂലി പുതുക്കുന്നതിൽ വിമുഖത കാട്ടുകയാണ് ഉടമകൾ. അനാരോഗ്യകരമായ പശ്ചാത്തലത്തിലുള്ള ലായങ്ങൾ പുതുക്കി പണിയണം. മോട്ടോർ വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ സമാപനദിവസം ജില്ലാ സെക്രട്ടറി കെ വി മോഹനൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. അഖിലേന്ത്യ സെക്രട്ടറി കെ കെ ദിവാകരൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നടുവത്ത് സുന്ദരേശൻ, കൂട്ടായ് ബഷീർ, സംസ്ഥാന സെക്രട്ടറി ടി കെ രാജൻ എന്നിവർ സംസാരിച്ചു.
തൊഴിലാളി റാലിയോടെയാണ് സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചത്. ചാറ്റൽമഴയിലും നൂറുകണക്കിന് തൊഴിലാളികൾ റാലിയിൽ പങ്കുചേർന്നു. തോട്ടം തൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ, നിർമാണതൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, അങ്കണവാടി, ആശാ വർക്കർമാർ, അസംഘടിത മേഖലയിലെ മറ്റ് തൊഴിലാളികൾ എന്നിവരെല്ലാം റാലിക്കെത്തി. . വൈകിട്ട് നാലിന് ട്രാഫിക് ജംങ്ഷനിൽനിന്ന് ആരംഭിച്ച റാലി . വിജയപമ്പ് പരിസരത്ത് സമാപിച്ചു. പൊതുസമ്മേളനം. അഖിലേന്ത്യ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ അദ്ധ്യക്ഷനായി. പി കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി വി ബേബി, ട്രഷറർ പി ഗഗാറിൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം മധു സ്വാഗതം പറഞ്ഞു.
സഹദേവൻ പ്രസിഡന്റ്, വി.വി.ബേബി ജന. സെക്രട്ടറി
സിഐടിയു ജില്ലാ പ്രസിഡന്റായി പി വി സഹദേവനെയും ജനറൽ സെക്രട്ടറിയായി വി വി ബേബിയെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പി ഗഗാറിനാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: പി കെ രാമചന്ദ്രൻ, പി എ മുഹമ്മദ്, കെ വി മോഹനൻ, പി ജെ ആന്റണി, സി എച്ച് മമ്മി, കെ ശാന്ത(വൈസ് പ്രസിഡന്റുമാർ). കെ സുഗതൻ, പി ആർ ജയപ്രകാശ്, എം മധു, പി എസ് രമാദേവി, പ്രതിഭശശി, എം സെയ്ദ്(സെക്രട്ടറിമാർ). 50 അംഗ ജില്ലാ കമ്മിറ്റിയും 150 അംഗ ജനറൽ കൗൺസിലും രൂപീകരിച്ചു.