തിരുനെല്ലി: ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ പുത്തരി ഉത്സവം തുലാമാസത്തിലെ തിരവോണം നക്ഷത്രമായ നാളെ നടക്കും.തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽ കതിർ ഭഗവാന് സമർപ്പിക്കുന്നതാണ് ചടങ്ങ്. തലേദിവസം തന്നെ ഉപക്ഷേത്രം ആയ ആകൊല്ലി അമ്മ കാവ് പരിസരത്തെ ചെറിയ ആകൊല്ലി തറവാട്ടുകാർ ശേഖരിച്ച നെൽകതിർ കറ്റകൾ ആക്കി പ്രത്യേക ചടങ്ങായി വാദ്യഘോഷത്തോടെ ക്ഷേത്ര ജീവനക്കാർ ഏറ്റുവാങ്ങും. തിരുനെല്ലി ക്ഷേത്ര പരിസരത്തെ ദൈവത്താർ മണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥാനത്തെത്തിക്കുകയും നാലാം തീയതി രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം വാദ്യഘോഷത്തോടെ കൂടി നെൽക്കതിരുകൾ ക്ഷേത്രത്തിൽ എത്തിച്ച് മേൽശാന്തിയുടെ നേതൃത്വത്തിൽ കതിർ പൂജ നടത്തും. കൊണ്ടുവന്ന കതിരിൽ നിന്നും വേർതിരിച്ചെടുത്ത അല്പം അരി ഉപയോഗിച്ചാണ് കതിർ പൂജയ്ക്കായി നിവേദ്യം തയ്യാറാക്കുന്നത് കതിർ പൂജയ്ക്ക് ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. അന്നദാനവും ഉണ്ടായിരിക്കും.