maoist-
MAOIST

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്റെയും താഹ ഫസലിൻെറയും പേരിൽ യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി. അറസ്റ്റിലായ പാർട്ടി മെമ്പർമാർക്ക് നിയമസഹായം നൽകണമെന്ന് പന്നിയങ്കര,​ പന്തീരാങ്കാവ് ലോക്കൽ കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ പ്രത്യേക യോഗം വിളിച്ചാണ് പാർട്ടി ഘടകങ്ങൾ ഈ ആവശ്യമുന്നയിച്ചത്.

അതേസമയം, അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ വ്യക്തമാക്കി. നിയമസഹായം നൽകേണ്ടത് കുടുംബമാണ്. യു.എ.പി.എ ചുമത്തിയതിലാണ് എതിർപ്പ്. വിദ്യാർത്ഥികൾക്ക് നിരോധിത പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മോഹനൻ പറഞ്ഞു.

സി.പി.എമ്മിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരും, പഴയ വി.എസ് വിഭാഗവും പരസ്യമായും സമൂഹ മാദ്ധ്യമങ്ങൾ വഴിയും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തിരിഞ്ഞിട്ടുണ്ട്. എം.എ ബേബി,​ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ,​ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ എന്നിവർ പൊലീസ് നടപടിക്കെതിരെ പരസ്യമായി രംഗത്തുവന്നു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും യു.എ.പി.എ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.