santhosh-trophy

@ കേരളം ഇന്ന് ആന്ധ്രയ്ക്കെതിരെ

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാൾ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട്ട് കിക്കോഫ്. വൈകിട്ട് നാലിന് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം ആന്ധ്രാപ്രദേശിനെ നേരിടും.ഗോൾകീപ്പർ താരം വി. മിഥുൻ ആണ് കേരളത്തിന്റെ ക്യാപ്റ്റൻ. 20 അംഗ ടീമിൽ 13 പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞവർഷം സന്തോഷ് ട്രോഫിയിൽ കളിച്ച രണ്ടു താരങ്ങൾ മാത്രമാണ് നിലവിലെ ടീമിലുള്ളത്. ബിനോ ജോർജാണ് കോച്ച്.

ചെന്നൈ എഫ്.സി, ബംഗളൂരു എഫ്.സി, ഗോകുലം കേരള ടീമുകളിൽ കളിക്കുന്ന പുതുമുഖ നിരയ്ക്കൊപ്പം എസ്.ബി.ഐയുടേയും കേരള പൊലീസിന്റേയും പരിചയസമ്പന്നരായ താരങ്ങളും ടീമിലുണ്ട്.

മന്ത്രി ടി.പി.രാമകൃഷ്ണൻ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. മേയർതോട്ടത്തിൽ രവീന്ദ്രൻ മുഖ്യാഥിതിയാകും. കേരളം,ആന്ധ്ര, തമിഴ്നാട്, എന്നീ ടീമുകൾ എ ഗ്രൂപ്പിൽ. ഗ്രൂപ്പ്ജേതാക്കൾ ഫൈനൽ റൗണ്ടിലെത്തും. 2017 ൽ ദക്ഷിണ മേഖലാ മത്സരത്തിന് കോഴിക്കോട് ആതിഥ്യം വഹിച്ചിരുന്നു. സ്റ്റേഡിയം അറ്റകുറ്റപണികൾ നടത്തി പൂർണ സജ്ജമാണ്. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഫൈനൽ റൗണ്ടിലേക്ക് കേരളം യോഗ്യത നേടിയാൽ മത്സരവേദി കോഴിക്കോടിനായി ആവശ്യമുന്നയിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ടോമി കുന്നേൽ, ജനറൽ സെക്രട്ടറി പി. അനിൽകുമാർ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ടി.സി.അഹമ്മദ്, സെക്രട്ടറി പി.ഹരിദാസ്, ദുർഗ മാധവ് ,എം.എ. അബ്ദുൾ അസീസ് ആരിഫ്, സുരേന്ദ്രൻ പി എന്നിവർ പങ്കെടുത്തു.

കേരള ടീം : വി. മിഥുൻ (ക്യാപ്ടൻ)

സച്ചിൻ സുരേഷ്, അജിൻ ടോം, അലക്സ് സജി, റോഷൻ വി ജിജി, ഹൃഷിദത്ത്, വിഷ്ണു, എമിൽ ബെന്നി, വിബിൻ തോമസ്, സഞ്ജു ജി, ശ്രീരാഗ് വിജി, ലിയോൺ അഗസ്റ്റിൻ, താഹിർ സമാൻ, ജിജോ ജോസഫ്, റിഷാദ്, അഖിൽ, ശിഹാദ് നെല്ലിപറമ്പൻ, മൗസുഫ് നിസാൻ, ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എം എസ്