മാനന്തവാടി: ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് ജില്ലയിലും നടന്നു. ഞായറാഴ്ച രാത്രി 12 മുതൽ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്കിനെ തുടർന്ന് ജില്ലയിലെ മിക്ക സർവ്വീസുകളും തടസ്സപ്പെട്ടു. മാനന്തവാടിയിൽ ആകെയുള്ള 93 സർവ്വീസുകളിൽ 13 എണ്ണവും, കൽപ്പറ്റയിൽ 70 ൽ 26 ഉം സർവ്വീസുകൾ മാത്രമാണ് നടന്നത്. ബത്തേരിയിൽ 100 സർവീസുകളിൽ ഒന്ന് പോലും നടന്നില്ലെന്ന് സമരസംഘടന അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 5452 സർവ്വീസുകളിൽ 1699 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്തതെന്നും പണിമുടക്ക് പൂർണ്ണ വിജയമാണെന്നും ടി ഡി എഫ് നേതൃത്വം അവകാശപ്പെട്ടു. പണിമുടക്കിൽ നിന്ന് സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നീ സംഘടനകൾ വിട്ടുനിന്നു.

സുൽത്താൻ ബത്തേരി ഡിപ്പോവിൽ നിന്ന് ഇന്നലെ ഒരു സർവ്വീസ്‌പോലും നടത്താനായില്ല. നൂറ് സർവ്വീസുകൾ നടത്തിവരുന്ന ബത്തേരി ഡിപ്പോവിൽ നിന്ന് ഒരു സർവ്വീസ് പോലും അയയ്ക്കാനായില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നും കഴിഞ്ഞ ദിവസം സർവ്വീസ് പോയ ചില ബസുകൾ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്.