കൽപ്പറ്റ: ആരോഗ്യ വിദ്യാഭ്യാസ പൊതു മേഖലകളിൽ വിവിധ പ്രവർത്തികൾക്ക് രാഹുൽഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് ആദ്യഗഡുവായ 2.5 കോടി രൂപ ജില്ലയ്ക്ക് ലഭിച്ചു. തുക ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് വയനാട്. തുകയുടെ 80 ശതമാനം നിർവ്വഹണം നടത്തുന്ന മുറയ്ക്ക് രണ്ടാം ഗഡുവും ലഭിക്കും.

ബത്തേരി നിയോജകമണ്ഡലത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ പൊൻകുഴി കാട്ടുനായ്ക്ക കോളനിയിലെ കുടിവെള്ള പദ്ധതി, പൂതാടി ഗ്രാമപഞ്ചായത്തിലെ നടവയൽ ചെഞ്ചടി കോളനിയുടെ നടപ്പാത പാലത്തിന്റെ നിർമ്മാണം, ചെതലയത്തും ചേനാടും ലോമാസ്റ്റ് ലൈറ്റുകൾ, നൂൽപ്പുഴ, മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്ക് ജീപ്പ്, ബത്തേരി പൂമലയിലെ ഗവ. എൽ പി സ്‌കൂളിന് ക്ലാസ് റൂം എന്നിവയാണ് നടപ്പിലാക്കുന്ന പദ്ധതികൾ.

മാനന്തവാടി മണ്ഡലത്തിൽ നല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിന് പാചകപ്പുര, ഡൈനിംഗ് ഹാൾ, വിശ്രമമുറി, ജില്ലാ ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റെ, സി ആർ മെഷീൻ, ജില്ലാ ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ, സി ആർ മെഷീൻ, തിരുനെല്ലി, മാമൻചിറ, വള്ളിയൂർക്കാവ്, പാണ്ടിക്കടവ് എന്നിവിടങ്ങളിൽ ലോമാസ്റ്റ് ലൈറ്റ്, കണിയാരം സെന്റ് ജോസഫ്സ് ടി ടി ഐ സ്‌കൂളിന് ടോയ്ലറ്റ് എന്നിവ നടപ്പാക്കും.

കൽപ്പറ്റ മണ്ഡലത്തിൽ കൊവലത്തോട് എസ് ടി കോളനി കുടിവെള്ളപദ്ധതി, വിലക്കോട്ട് കുന്ന് എസ് സി കോളനി കുടിവെള്ള പദ്ധതി, വെള്ളാർമല ഗവ. വി എച്ച് എസ് എസ് സ്‌കൂളിന് കോൺഫറൻസ് ഹാൾ, മടക്കിമലയിൽ ഹൈമാസ്റ്റ് ലൈറ്റ്, കൽപ്പറ്റ ഗവ. വി എച്ച് എസ് എസിന് ബസ്, വാളൽ യു പി സ്‌കൂളിന് കംപ്യൂട്ടർ, കോട്ടത്തറ പി എച്ച് സിക്ക് കെട്ടിടം, മാടക്കുന്ന് ഉദയാവായനശാലക്ക് കെട്ടിടം തുടങ്ങിവയാണ് എം പിയുടെ പ്രാദേശിക വികസനഫണ്ടിൽ ഉൾപ്പെടുത്തി ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ.