
കണ്ണൂർ: മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതും യു.എ.പി.എ വിവാദങ്ങൾക്കും പിന്നാലെ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സി.പി.ഐക്കെതിരെ സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒറീസ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ആദിവാസികൾക്കിടയിൽ സിപിഎമ്മിന് സ്വാധീനം ഉള്ള നിരവധി ഇടങ്ങളിൽ പാർട്ടി പ്രവർത്തകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിൽ വനമേഖലയിൽ ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകൾ നടത്തുന്ന നുഴഞ്ഞു കയറ്റത്തെ കാണേണ്ടത്. നിർഭാഗ്യവശാൽ മാവോയിസ്റ്റുകളാണ് യഥാർത്ഥ വിപ്ലവകാരികളെന്ന് പ്രചരിപ്പിക്കുവാൻ ചിലകേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ഇതിലറിയാതെ പെട്ടുപോകുന്നവരുമുണ്ട്.
എന്നിരുന്നാലും അവർക്കെതിരെ യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ പ്രയോഗിക്കരുതെന്നാണ് നിലപാട്. ഇത് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. എന്നാൽ ഇതിൽ മതിവരാത്ത കോൺഗ്രസുകാർ ജനങ്ങളെ കബളിപ്പിക്കാൻ രംഗത്തുണ്ട് രണ്ടാം മോദി ഗവണ്മെന്റ് ഏത് പൗരനെയും ഭീകരനായി മുദ്രയടിച്ച് തടങ്കലിലിടാൻ നിയമം കൊണ്ടുവന്നപ്പോൾ എതിർക്കാത്ത കോൺഗ്രസാണ് ഇടത് ഗവണ്മെന്റിനെതിരെ പ്രസ്താവനയുമായി പുറപ്പെട്ടിട്ടുള്ളത്. കൗതുകകരമായിട്ടുള്ള കാര്യം അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാൽ വീട്ടിലെ പൂച്ചയ്‌ക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു എന്നും ജയരാജൻ സി.പി.ഐ യെ ലക്ഷ്യമിട്ട് പരിഹസിച്ചു.