കുറ്റ്യാടി: പഴയ അലൈന്റ്മെന്റിൽ മാറ്റം വരുത്തി കുറ്റ്യാടി ബൈപ്പാസ് റോഡ് നിർമ്മിക്കാനുള്ള നീക്കം തുടങ്ങിയതോടെ വിമുക്ത ഭടന്റെയും, കുടുംബത്തിന്റെയും വീട് തകർക്കാൻ നീക്കം നടക്കുന്നതായി പരാതി.
കുറ്റ്യാടി കടേക്കച്ചാലിലെ റിട്ട. സൈനിക ഉദ്യോഗസ്ഥൻ മഠത്തും കൊയിലോത്ത് കൃഷ്ണൻ നായരുടെയും ,ഭാര്യ റിട്ട: അധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ നാരായണി ടീച്ചറുടെയും വീടാണ് ഇല്ലാതാവുന്നത്. 2011 ൽ കെ.കെ.ലതിക എം.എൽ.എയായിരിക്കുമ്പോഴാണ് ബൈപ്പാസിന് ആദ്യ അലൈന്റ്മെന്റ് തയ്യാറാക്കിയത്.
ഇതു പ്രകാരം പരമാവധി വീടുകളൊന്നും നഷ്ടപ്പെടാതെ നിലവിലുള്ള കടേക്കച്ചാൽ - കൈപ്രംകടവ് റോഡ് വീതി കൂട്ടി ബൈപ്പാസ് നിർമ്മിക്കാനാണ് തീരുമാനിച്ചത്. ഇതിനായി രണ്ട് പ്രാവശ്യം സർവ്വേ നടത്തി കല്ലിടുകയും ചെയ്തിരുന്നു.പുതിയ അലൈന്റ്മെന്റ് പ്രകാരം റോഡ് നിർമ്മിച്ചാൽ വിമുക്തഭടന്റെതുൾപ്പെടെ നിരവധി കുടുംബങ്ങൾ വഴിയാധാരമാവും. പുതിയ അലൈന്റ്മെന്റിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
അതേ സമയം അലൈന്റ്മെന്റ് മാറ്റം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നും, പരമാവധി വീടുകൾ നഷ്ടപ്പെടുത്താതെ റോഡ് വികസനം നടത്താൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും എം.എൽ.എ.യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് സി.എൻ.ബാലകൃഷ്ണൻ അറിയിച്ചു.ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് റോഡ് നിർമ്മിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പ്രസിഡൻറ് പറഞ്ഞു.